മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. മഹരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും രണ്ടായി പിളര്‍ന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടമായ ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തമ്മില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. വിമതഭീഷണി ഇരു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്‍സിപി എംപി സുപ്രിയ സുലേയ്ക്കും പിസിസി അധ്യക്ഷന്‍ നാനാ പാട്ടൊളയ്ക്കും എതിരെ ബിജെപി ഇന്നലെ രാത്രിയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ ലോക് പോള്‍ നടത്തിയ പ്രീപോള്‍ സര്‍വെയില്‍ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോള്‍ സര്‍വ്വേ പ്രവചനങ്ങള്‍. 151 മുതല്‍ 162 വരെ സീറ്റുകള്‍ മഹാ വികാസ് സഖ്യം നേടുമെന്നും ഭരണകക്ഷിയായ മഹായുതിക്ക് 115 മുതല്‍ 128 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
ലോക് പോള്‍ നടത്തിയ സര്‍വേ പ്രകാരം മഹായുതിയുടെ വോട്ട് വിഹിതം 37-40 ശതമാനവും മഹാ വികാസ് സഖ്യത്തിന്റെ വോട്ട് 43-46 ശതമാനവും ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാരാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്. അതുകൊണ്ടുതന്നെ കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും കടക്കാനായില്ലെങ്കില്‍ വീണ്ടും തൂക്കുസഭ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ജാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ വര്‍ഗീയ പ്രചരണങ്ങളെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ മറികടക്കാനാകും എന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. 23നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.