ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച പരിപാടിയെ സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ്. ഇത് സംബന്ധിച്ച് പരിപാടിയിലെ പ്രധാന നര്‍ത്തകിയായിരുന്ന ദിവ്യ ഉണ്ണിയില്‍ നിന്നും മൃദംഗ വിഷന്‍ രക്ഷാധികാരിയായ നടന്‍ സിജോയ് വര്‍ഗീസില്‍ നിന്നും വിവരങ്ങള്‍ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോ എന്നുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകും. പരിപാടിയെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, അതിനെ സംബന്ധിച്ചും പൊലീസ് ചോദ്യങ്ങള്‍ ചോദിച്ചേക്കും.
അതേസമയം, അപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്നും ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് സംഘാടകരുടെ വാദം.