ജയിലുകള്‍ കൊടുംക്രിമിനലുകളുടെ വിളനിലമാണ്. അവിടെ പുറംലോകത്ത് നിന്നും എത്തുന്ന ക്രൂര മനസ്സുള്ളവര്‍ക്ക് അത്ര എളുപ്പമല്ല കാര്യങ്ങള്‍. പത്ത് വയസ്സുള്ള സ്വന്തം മകളെ ക്രൂരമായി കൊന്ന് നാടുകടക്കാന്‍ ശ്രമിക്കവെ പിടിയിലായ കൊലയാളി പിതാവിനും ഇപ്പോള്‍ ഇത് വ്യക്തമായിക്കാണും.
സാറാ ഷറീഫിന്റെ കൊലയാളിയായ പിതാവിന് നേരെയാണ് ജയിലില്‍ വെച്ച് പുതുവര്‍ഷത്തില്‍ വധശ്രമം നടന്നത്. ഇയാളുടെ കഴുത്ത് സഹതടവുകാര്‍ ട്യൂണ ക്യാന്‍ അടപ്പ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു. സൗത്ത് ലണ്ടന്‍ എച്ച്എംപി ബെല്‍മാര്‍ഷിലെ സെല്ലില്‍ വെച്ചാണ് 43-കാരന്‍ ഉര്‍ഫാന്‍ ഷറീഫിന് നേര്‍ക്ക് രണ്ട് തടവുകാര്‍ അക്രമം കാണിച്ചത്.
40 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ എത്തി ആഴ്ചകള്‍ തികയുമ്പോള്‍ നടന്ന വധശ്രമത്തില്‍ ഗുരുതരാവസ്ഥയിലാണ് കൊലയാളിയെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും ഇയാള്‍ ജീവനോടെ രക്ഷപ്പെടുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് 10 വയസ്സുള്ള മകളെ ഉര്‍ഫാനും, ഭാര്യയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കുട്ടിയെ അടിക്കുകയും, പൊള്ളിക്കുകയും, കടിക്കുകയും ചെയ്യുകയും, ഒടുവില്‍ അടിച്ച് കൊല്ലുകയുമായിരുന്നു. സറേ, വോക്കിംഗിലെ കുടുംബവീട്ടില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ 71 മുറിവുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്. പുതുവര്‍ഷ ദിനത്തില്‍ ബെല്‍മറാഷ് ജയിലില്‍ നടന്ന അക്രമത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പ്രിസണ്‍ സര്‍വ്വീസും, മെട്രോപൊളിറ്റന്‍ പോലീസും സ്ഥിരീകരിച്ചു. സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഓഫീസര്‍മാരും സംഭവം അന്വേഷിക്കുന്നുണ്ട്.