ജിപി, എന്‍എച്ച്എസ് സേവനങ്ങളിലെ മെല്ലെപ്പോക്ക് കുറച്ചൊന്നുമല്ല ഗവണ്‍മെന്റിന് ബാധ്യതയാകുന്നത്. പലവിധ കാരണങ്ങള്‍ പറഞ്ഞ് ചികിത്സ നല്‍കുന്നതില്‍ കാലതാമസം നേരിടുമ്പോള്‍ രോഗികള്‍ കാത്തിരുന്ന്, വേദന സഹിച്ച് കഴിയേണ്ട ഗതികേടിലാണ്. ഈ സ്ഥിതി പരിഹരിക്കാന്‍ അടിമുടി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് ലേബര്‍ ഗവണ്‍മെന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന പുത്തന്‍ പരിഷ്‌കാരങ്ങള്‍ രോഗികളുടെ പരിചരണം വേഗത്തിലാക്കാനും, വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിച്ചുരുക്കി പകുതിയാക്കാനും ലക്ഷ്യമിടുന്നതാണെന്നാണ് റിപ്പോര്‍ട്ട്. പരിഷ്‌കാരങ്ങള്‍ നടപ്പിലാകുന്നതോടെ ജിപിമാര്‍ക്ക് നേരിട്ട് രോഗികളെ സ്‌കാനിലേക്കും, ചികിത്സയ്ക്കായും റഫര്‍ ചെയ്യാം. കൂടാതെ ആശുപത്രികള്‍ ടെസ്റ്റ് നടത്തി, ഫലം പരിശോധിച്ച്, അതേ ദിവസം രോഗികളുടെ ചികിത്സ ആരംഭിക്കാനുള്ള നടപടി തുടങ്ങാനും ഉത്തരവില്‍ വ്യക്തമാക്കും.
നടപടിക്രമങ്ങള്‍ ചുരുക്കുകയും, ചില അവസ്ഥകള്‍ക്ക് കണ്‍സള്‍ട്ടന്റിനെ കാണാനായി കാത്തിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ വെയ്റ്റിംഗ് സമയം കുറയ്ക്കാനും, രോഗികളുടെ സംതൃപ്തി ഉറപ്പാക്കാനും കഴിയുമെന്നാണ് മേധാവികള്‍ പ്രതീക്ഷിക്കുന്നത്. ഡയഗനോസ്റ്റിക് ചെക്കുകളും, കണ്‍സള്‍ട്ടേഷനും ഒരേ ബുക്ക് ചെയ്യാന്‍ എന്‍എച്ച്എസ് ആപ്പില്‍ സുപ്രധാന അപ്‌ഡേറ്റ് ലഭ്യമാക്കും. സമയവും, ലൊക്കേഷനും തെരഞ്ഞെടുക്കാന്‍ രോഗികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും കൈവരും.
എളുപ്പത്തില്‍ എത്താവുന്ന ലൊക്കേഷനുകളില്‍ കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകള്‍ ആരംഭിക്കാനും നീക്കമുണ്ട്. ബുക്കിംഗ് സേവനങ്ങള്‍ ഫ്‌ളെക്‌സിബിള്‍ ആക്കുന്നതിലൂടെ രോഗികള്‍ എത്തിച്ചേരാത്ത അവസ്ഥ കുറയ്ക്കാമെന്നാണ് കരുതുന്നത്. രോഗികളുടെ ചോദ്യങ്ങള്‍ക്ക് മാന്യതയോടെ, സഹായകരമായ മറുപടി നല്‍കാന്‍ കഴിയുന്ന വിധത്തില്‍ റിസപ്ഷനിസ്റ്റുകള്‍ക്കും, വെയ്റ്റിംഗ് ലിസ്റ്റ് മാനേജര്‍മാര്‍ക്കും നിര്‍ബന്ധിത സര്‍വ്വീസ് ട്രെയിനിംഗും നല്‍കും.