ഇംഗ്ലണ്ടില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനായി ദീര്‍ഘകാല ഫണ്ടിംഗ് ലഭ്യമാക്കാനുള്ള പദ്ധതികള്‍ 2028 വരെ സംഭവിക്കാന്‍ ഇടയില്ലെന്ന് സ്ഥിരീകരിച്ച് ഗവണ്‍മെന്റ്. സോഷ്യല്‍ കെയര്‍ പരിഷ്‌കാരങ്ങള്‍ നടത്തി പ്രതിസന്ധി ഒഴിവാക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചിരുന്നു.
ഏപ്രിലില്‍ സോഷ്യല്‍ കെയര്‍ മേഖലയുടെ സ്വതന്ത്ര റിവ്യൂ നടത്തുന്ന കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍ ബരോണസ് ലൂസി കാസി നേതൃത്വം നല്‍കുന്ന കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2028 വരെ സമയമെടുക്കും. അക്ഷരാര്‍ത്ഥത്തില്‍ മുട്ടുകുത്തി നില്‍ക്കുന്ന സുപ്രധാന സേവനങ്ങളെ സംബന്ധിച്ച് ഈ കാത്തിരിപ്പ് സുദീര്‍ഘമാണെന്ന് കൗണ്‍സിലുകളും, കെയര്‍ പ്രൊവൈഡേഴ്‌സും വ്യക്തമാക്കി.
കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഹെല്‍ത്ത് ചെക്കപ്പ് നടത്താന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെ പദ്ധതികളാണ് ഗവണ്‍മെന്റിന്റെ അടിയന്തര പദ്ധതിയിലുള്ളത്. കൂടാതെ വീടുകളില്‍ കഴിയുന്ന പ്രായമായവരെയും, വൈകല്യങ്ങള്‍ ബാധിച്ചവരെയും സഹായിക്കാന്‍ ഫണ്ടിംഗ് ഉത്തേനവും നല്‍കും. കമ്മീഷന്‍ രണ്ട് ഘട്ടങ്ങളായാണ് റിപ്പോര്‍ട്ട് നല്‍കുക. ആദ്യത്തെ റിപ്പോര്‍ട്ട് സുപ്രധാന പ്രശ്‌നങ്ങള്‍ കണ്ടെത്തി ഹൃസ്വകാല നിര്‍ദ്ദേശങ്ങളാണ് നല്‍കുക. ഇത് 2026 മധ്യത്തോടെ പൂര്‍ത്തിയാകും.
എന്നാല്‍ രണ്ടാം ഘട്ടം കെയര്‍ സേവനങ്ങളെ ഏത് വിധത്തില്‍ ലഭ്യമാക്കാമെന്നും, ഭാവിയിലെ ഫണ്ടുകള്‍ എങ്ങനെ നല്‍കണമെന്നും തീരുമാനിക്കുന്നത്. ഇത് 2028 സംഭവിക്കില്ല.