ആര്‍ട്ടിക്ക് ബ്ലാസ്റ്റ് ബ്രിട്ടനില്‍ ആഞ്ഞടിച്ചപ്പോള്‍ രാജ്യത്ത് തണുത്തുറയല്‍ ദുരിതം. ശനിയാഴ്ച ശക്തമായ മഞ്ഞും, മഴയും, ഐസും ചേര്‍ന്ന് യാത്രകള്‍ തടസ്സപ്പെടുത്തുകയും, വൈദ്യുതി ബന്ധം തകരാറിലാക്കുകയും ചെയ്തു. ഞായറാഴ്ച കൂടുതല്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.
മഞ്ഞിനും, ഐസിനുമുള്ള ആംബര്‍ മുന്നറിയിപ്പ് തുടരുകയാണ്. വ്യാപകമായ തടസ്സങ്ങള്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, സൗത്ത് വെയില്‍സ് മേഖകളില്‍ ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, ബ്രിസ്റ്റോള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും, വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.
ശനിയാഴ്ച വൈകുന്നേരം ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ട് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ തടസ്സങ്ങള്‍ ഞായറാഴ്ചയിലേക്കും നീളുമെന്നാണ് കരുതുന്നത്. യാത്രക്കാര്‍ വിമാനത്താവളങ്ങളുടെ അപ്‌ഡേറ്റുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം.
പ്രാദേശിക മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞ് കുമിഞ്ഞ് കൂടുമെന്നാണ് അറിയിപ്പ്. അതിനാല്‍ ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെടുമെന്നാണ് മുന്നറിയിപ്പ്. വെയില്‍സിലും, മിഡ്‌ലാന്‍ഡ്‌സിലും ഈ സ്ഥിതി ഏറെ രൂക്ഷമാകും. മഞ്ഞ് ശക്തമാകുന്നതിനാല്‍ യാത്രകള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയാണ്.