വമ്പന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി ഒരു വര്‍ഷം പോലും തികയുന്നതിന് മുന്‍പ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ മടുത്ത് വോട്ടര്‍മാര്‍. ഒരു വര്‍ഷത്തിനകം സ്റ്റാര്‍മറുടെ പ്രധാനമന്ത്രി പദം തെറിക്കുമെന്നാണ് മെയില്‍ നടത്തിയ 'സ്റ്റേറ്റ് ഓഫ് നേഷന്‍' സര്‍വ്വെയില്‍ വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.
സമ്പദ് വ്യവസ്ഥ, എന്‍എച്ച്എസ്, ഇമിഗ്രേഷന്‍, ജീവിതച്ചെലവ് പ്രതിസന്ധി എന്നിങ്ങനെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചാണ് വോട്ടര്‍മാര്‍ രൂക്ഷമായി പ്രതികരിച്ചത്. കാല്‍ശതമാനം വോട്ടര്‍മാരാണ് സ്റ്റാര്‍മര്‍ പരമാവധി ഒരു വര്‍ഷം മാത്രമാണ് തികയ്ക്കുകയെന്ന് വിധിയെഴുതിയത്.
68 ശതമാനം വോട്ടര്‍മാരാണ് സ്റ്റാര്‍മറുടെ പ്രകടനം മോശമാണെന്ന് വിധിച്ചത്. ജോലിയില്‍ എത്തി ആറ് മാസം തികയുമ്പോഴാണ് ഈ സ്ഥിതി. ലേബര്‍ പാര്‍ട്ടിക്ക് പുറമെ കണ്‍സര്‍വേറ്റീവുകള്‍ക്കും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്തയും സര്‍വ്വെ പങ്കുവെയ്ക്കുന്നു. അഞ്ചിലൊന്ന് വോട്ടര്‍മാരാണ് നിഗല്‍ ഫരാഗ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് പ്രവചിക്കുന്നത്.
പ്രധാനമന്ത്രി പദത്തില്‍ സ്റ്റാര്‍മറുടെ പ്രകടനം പോരെന്ന അഭിപ്രായം അദ്ദേഹത്തിന്റെ ഭാവിയെ തന്നെ നിര്‍ണ്ണയിക്കുന്ന ഘടകമാണ്. ജൂലൈയില്‍ ഏകപക്ഷീയ വിജയം കരസ്ഥമാക്കിയ ശേഷം ലേബര്‍ ഗവണ്‍മെന്റ് സ്വീകരിച്ച പല നടപടികളും പാളിപ്പോയതാണ് സ്ഥിതി വഷളാക്കിയത്. കീര്‍ സ്റ്റാര്‍മര്‍ക്ക് പാര്‍ട്ടിയില്‍ വലിയ പിന്തുണയുണ്ടായില്ലെങ്കിലും നികുതി വര്‍ദ്ധനവും, വിന്റര്‍ ഫ്യൂവല്‍ റദ്ദാക്കലും ഉള്‍പ്പെടെ നടപടികള്‍ ബാക്കിയുള്ള പിന്തുണ കൂടി ഇല്ലാതാക്കിയെന്ന് ഒരു ലേബര്‍ എംപി വെളിപ്പെടുത്തി.