കാമുകിയോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ കാറില്‍ നിന്നും വീണുമരിച്ച യുവാവിന്റെ ഭാര്യ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. ചൈനയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ കാമുകിയില്‍ നിന്നും 70 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ വിവാഹേതരബന്ധത്തെപ്പറ്റി താനറിയുന്നതെന്നും ഇവര്‍ പറഞ്ഞു.
2022ലാണ് വിവാഹിതനായ വാങ് ലിയു എന്ന യുവതിയുമായി പ്രണയത്തിലായത്. 2023 ജൂലൈയില്‍ ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. ഒരു റസ്റ്റോറന്റില്‍ നിന്ന് ആഹാരവും മദ്യവും കഴിച്ചിറങ്ങിയ ഇവര്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് ലിയു ആണ് കാറോടിച്ചിരുന്നത്.
മദ്യലഹരിയിലായിരുന്ന വാങ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇതിനിടെയാണ് വാങ് കാറില്‍ നിന്ന് തെറിച്ച് വീണത്. പരിഭ്രാന്തിയിലായ ലിയു ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് വാങിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വാങിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും വാങ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. ലിയുവിനെ തെറ്റുകാരിയായി കണക്കാക്കിയിട്ടില്ല.
ഇതിനുപിന്നാലെയാണ് ലിയുവില്‍ നിന്ന് 6 ലക്ഷം യുവാന്‍(70.36 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാങിന്റെ ഭാര്യ രംഗത്തെത്തിയത്. കേസ് പരിഗണിച്ച കോടതി 70 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന വാങിന്റെ ഭാര്യയുടെ വാദം തള്ളി. പകരം വാങിന്റെ കാമുകിയോട് നഷ്ടപരിഹാരമായി 8 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വാങിന്റെ മരണത്തിന് ലിയു ഉത്തരവാദിയാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.