ഭീകരര്‍ക്കെതിരെയെന്ന പേരില്‍ അതിര്‍ത്തിയില്‍ കനത്ത വ്യോമാക്രമണം നടത്തിയ പാകിസ്താനെതിരെ തിരിച്ചടിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ സേന. അതിര്‍ത്തിയില്‍ നിരവധി കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അഫ്ഗാനിസ്താന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ 19 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് താലിബാന്‍ അനുകൂല മാധ്യമമായ ഹുറിയത് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വര്‍ഷങ്ങളായി തര്‍ക്കത്തിലുള്ള പാകിസ്താന്‍ അതിര്‍ത്തി മേഖലകളിലാണ് അഫ്ഗാന്‍ സേന വെടിവെപ്പ് നടത്തിയത്. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യക്കും അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യക്കും ഇടയിലുള്ള പ്രദേശത്ത് അതിര്‍ത്തി സേനകള്‍ തമ്മില്‍ രാത്രി കനത്ത ഏറ്റുമുട്ടലുകള്‍ നടന്നതായി ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം,താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക് വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 46 പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. വ്യോമാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം പാക് താലിബാന്‍ (ടി.ടി.പി) അടുത്തിടെ നടത്തിയ ആക്രമണത്തില്‍ 16 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരം കൂടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് പാക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.