നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ട്രാക്കിന്റെ ഡ്രൈവറാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇന്ധനവും സ്ഫോടകവസ്തുക്കള്‍ നിറച്ച മോര്‍ട്ടറുകളും നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്. ഇവയുടെ അവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഹോട്ടല്‍ ഒഴിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ നഗരത്തിലെത്തിയ വാഹനം ഹോട്ടലിന്റെ പ്രവേശന കവാടത്തിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. തീപിടിക്കുന്നതിന്റെ മുന്‍പുള്ള ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. വാഹനത്തില്‍ നിന്ന് ആദ്യം പുക ഉയര്‍ന്നശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സംഭവം വൈറ്റ് ഹൗസ് നിരീക്ഷിക്കുകയാണെന്നും പുതുവത്സര ദിനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ട ന്യൂ ഓര്‍ലിയന്‍സിലെ ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നിയമപാലകര്‍ അന്വേഷിക്കുകയാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
അതേസമയം സ്ഫോടനത്തിന് വാഹനവുമായി ബന്ധമില്ലെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് അറിയിച്ചു. വാഹനത്തിനകത്തുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കളോ ബോംബോ ആണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നും മസ്‌ക് പറഞ്ഞു. നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ച വ്യക്തിയാണ് മസ്‌ക്.