ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ കുത്തനെ ഉയര്‍ത്തിയ പലിശ നിരക്കുകള്‍ നാമമാത്രമായ തോതില്‍ മാത്രമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചിട്ടുള്ളത്. പണപ്പെരുപ്പം ശക്തമായി തന്നെ നിലകൊള്ളുകയും, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുമ്പോള്‍ 2025-ല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് പ്രതീക്ഷയ്ക്ക് വക കുറവാണെന്നതാണ് വസ്തുത.
ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്ര തവണ പലിശ കുറയ്ക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും പ്രവചനം അസാധ്യമായ നിലയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ മൂന്ന് തവണയെങ്കിലും 2025-ല്‍ പലിശ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കി കേവലം ഒരു പലിശ കുറയ്ക്കലില്‍ ഈ വര്‍ഷം കാര്യങ്ങള്‍ ഒതുങ്ങുമെന്നാണ് പ്രവചനം വരുന്നത്.
കഴിഞ്ഞ വര്‍ഷം ആറ് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം . എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ മാത്രമാണ് 2024-ല്‍ പലിശ കുറച്ചത്, ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായ സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ അത്ഭുതങ്ങളൊന്നും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ നിലപാട്.
വിലക്കയറ്റം ഉയരുന്നത് തുടരുകയും, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ താഴുകയും ചെയ്യുന്ന സ്റ്റാഗ്ഫ്‌ളേഷന്‍ സ്ഥിതിയാണ് യുകെയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും തലവേദനയാണ്. സമ്പദ് വ്യവസ്ഥ തണുക്കുമ്പോള്‍ പലിശനിരക്ക് കുറച്ചാലാണ് ആവശ്യമായ ഉത്തേജനം നല്‍കാന്‍ കഴിയുക. എന്നാല്‍ പണപ്പെരുപ്പം പിടിച്ച് നില്‍ക്കുന്നതിനാല്‍ നിരക്കുകളും മാറ്റമില്ലാതെ നിലനിര്‍ത്തേണ്ട അവസ്ഥയാണ്.