CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 23 Seconds Ago
Breaking Now

'കല്ലറ പൊളിക്കാന്‍ അനുവദിക്കില്ല, സമാധി വിവാദത്തില്‍ ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമം'; ഗോപന്‍ സ്വാമിയുടെ മകന്‍

നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് മകന്‍ സനന്ദനന്‍. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദനന്‍ പറഞ്ഞു. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ് നല്‍കിയിട്ടില്ല. ഇന്നലെ മൊഴി എടുത്തിരുന്നു. അച്ഛന്റെ സമാധി പോസ്റ്റര്‍ അടിച്ചത് താന്‍ തന്നെയെന്നും മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളില്‍ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചര്‍ച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ ആദ്യം രാജസേനന്‍ പറഞ്ഞത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.