പി വി അന്‍വറിനെ എങ്ങനെ പരിഗണിക്കണമെന്ന കാര്യം കെപിസിസി ചര്‍ച്ച ചെയ്യും. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ പരസ്യപ്രതികരണം നടത്തിയതോടെയാണ് യുഡിഎഫ് അന്‍വറിനെ പരിഗണിക്കാനൊരുങ്ങുന്നത്.
അന്‍വറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്നും പിന്തുണ അനിവാര്യമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. കൂടുതല്‍ നേതാക്കള്‍ അന്‍വറിനെ അനുകൂലിച്ചുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. വി ഡി സതീശനെതിരായ ആരോപണങ്ങളില്‍ അന്‍വര്‍ മാപ്പ് പറഞ്ഞതോടെ, ഇക്കാര്യത്തില്‍ വി ഡി സതീശന്റെ നിലപാട് എന്താകുമെന്നും നിര്‍ണായകമാണ്. നിലവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അന്‍വറിന് അനുകൂലമാണ്.
കഴിഞ്ഞ ദിവസം വി ഡി സതീശനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പി വി അന്‍വര്‍ മാപ്പ് പറഞ്ഞിരുന്നു. ഈ മാപ്പ് സതീശന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തന്റെ വ്യക്തിപരമായ എതിര്‍പ്പ് ബാധകമല്ല എന്നും എനിക്ക് അന്‍വറിനോട് ഒരു എതിര്‍പ്പും ഇല്ല എന്നും സതീശന്‍ തുറന്നുപറഞ്ഞിരുന്നു. ഈ നിലപാട് കെപിസിസി യോഗത്തിലും ആവര്‍ത്തിക്കുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത്.
ഇന്നലെ എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം പി വി അന്‍വര്‍ ശശിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വി ഡി സതീശനെതിരെ നിയമസഭയില്‍ അന്‍വര്‍ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണം പി ശശിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.