ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യം തേടിയുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനം. കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തില്‍ എന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന വാദം കോടതിയുടെ ദയ ലഭിക്കാനാണ് ഉന്നയിക്കുന്നതെന്നും ശിക്ഷ റദ്ദാക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രില്‍ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മുന്‍പ് വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തില്‍ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന് തടസമാകുമെന്ന് കണ്ടാണ് കുഞ്ഞിനെയും അനുശാന്തിയുടെ ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയതെന്നാണ് കേസ്. അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നല്‍കിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കം ഡിജിറ്റില്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമായിരുന്നു കോടതി ശിക്ഷിച്ചത്. കാമ പൂര്‍ത്തീകരണത്തിനാണ് പ്രതികള്‍ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്നും സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഹൈക്കോടതി നിനോ മാത്യുവിന്റെ വധശിക്ഷ 25 വര്‍ഷം തടവായി കുറച്ചിരുന്നു. അനുശാന്തിയുടെ ശിക്ഷ ഇളവ് ചെയ്തിരുന്നില്ല.