കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമപോരാത്തതിന് പണപ്പിരിവ്. ജില്ലയിലെ പാര്‍ട്ടി അംഗങ്ങളോട് 500 രൂപ വീതം നല്‍കാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ അംഗങ്ങളില്‍ നിന്ന് 2 കോടി സമാഹരിക്കാനാണ് സിപിഎം ലക്ഷ്യം. കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ അടക്കമുള്ളവര്‍ക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്.
നിയമ പോരാട്ടത്തിനായി ജോലിയുള്ള സിപിഎം അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് പാര്‍ട്ടി ഉത്തരവ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നല്‍കണം. രണ്ട് കോടി രൂപ ഈ രീതിയില്‍ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സ്‌പെഷല്‍ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്.
കേസില്‍ സിബിഐ കോടതി ഇക്കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്. 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. അതേസമയം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു.