അയര്‍ക്കുന്നം: അയര്‍ക്കുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവീകരിച്ച 'ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ സെന്റര്‍' ഉദ്ഘാടനവും നാട്ടുകാരിയായ ഓ ഐ സി സി (യു കെ) പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു.
അയര്‍കുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസില്‍ (ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ സെന്റര്‍) വച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ബഹു. ചാണ്ടി ഉമ്മന്‍ എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഓ ഐ സി സി (യു കെ) പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് മൊമെന്റോ നല്‍കി ആദരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കുഞ്ഞ് ഇലംപള്ളി, മുന്‍ കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡി സി സി - ബ്ലോക്ക് - മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, യു ഡി ഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അയര്‍ക്കുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിജി നാകമറ്റം ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
ഡി സി സി സെക്രട്ടറി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ ജയിംസ് കുന്നപ്പള്ളി, യു ഡി എഫ് ചെയര്‍മാന്‍, ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പെരുമ പേറുന്ന മണ്ഡലം കമ്മിറ്റി ഓഫീസുകളില്‍ ഒന്നായ അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക നല്‍കിയ നാട്ടുകാരിയും ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ്‌റുമായ ഷൈനു ക്ലെയര്‍ മാത്യൂസിന് നന്ദിയും സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷയായി കെ പി സി സി ചുമതലയേല്പിച്ചതിന്റെ അനുമോദനവും യോഗം രേഖപ്പെടുത്തി. ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റത്തിനും യോഗം നന്ദി രേഖപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പരമ്പാരാഗത കോണ്‍ഗ്രസ് കുടുംബവുമായ ചാമക്കാലയിലെ ഷൈനു ക്ലെയര്‍ മാത്യൂസ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമാണ്.
യു കെയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മൂന്ന് കെയര്‍ ഹോമുകളും 'ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റ്' എന്ന പേരില്‍ ഹോട്ടല്‍ ശൃംഗലകളും നടത്തുന്ന ഷൈനു ക്ലെയര്‍ മാത്യൂസ് ഇതിനോടകം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. വയനാട് പ്രകൃതി ദുരന്തത്തിലകപ്പെട്ടവരുടെ പുനരദിവാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നഴ്‌സിംഗ് പഠന സഹായത്തിനായുമുള്ള തുക സമാഹരിക്കുന്നതിനായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷനുമായി ചേര്‍ന്നു യു കെയില്‍ പതിനയ്യായിരം അടി മുകളില്‍ നിന്നും 'സ്‌കൈ ഡൈവിങ്' നടത്തുകയും 10 ലക്ഷത്തോളം തുക സമാഹരിച്ചു അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം നടത്തുകയും ചെയ്തത് അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഓ ഐ സി സി (യു കെ) വയനാട് പുനരദിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4170 പൗണ്ട് തുക സമാഹരിക്കുന്നതിനും ചുക്കാന്‍ പിടിച്ചത് സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് കൂടിയായ ഷൈനു ക്ലെയര്‍ മാത്യൂസ് ആണ്.
പ്രവര്‍ത്തന മാന്ദ്യത്തിലായിരുന്ന യു കെയിലെ പ്രവാസി കോണ്‍ഗ്രസ് സംഘടനയായ ഓ ഐ സി സി (യു കെ)- യെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ പി സി സി ഷൈനു ക്ലെയര്‍ മാത്യൂസിനെ അധ്യക്ഷയാക്കിക്കൊണ്ട് പുതിയ നാഷണല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. വയനാട് പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഷൈനു ക്ലെയര്‍ മാത്യൂസിന്റ നേതൃത്വത്തില്‍ രൂപം നല്‍കിയ 50 പേരടങ്ങുന്ന കര്‍മ്മസേനയുടെ പ്രവര്‍ത്തനം പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.
അയര്‍ക്കുന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പവും മറ്റു ഭാരവാഹികള്‍ക്കൊപ്പവും വേദി പങ്കിടാന്‍ സാധിച്ചതിലും ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരക്കാരര്‍ നാട്ടകം സുരേഷില്‍ നിന്നും ആദരവ് ഏറ്റുവാങ്ങാന്‍ സാധിച്ചതിലുമുള്ള തന്റെ സന്തോഷം രേഖപ്പെടുത്തിയ ഷൈനു ക്ലെയര്‍ മാത്യൂസ്, തന്റെ പിതാവ് കൂടി പടുത്തുയര്‍ത്തിയ അയര്‍ക്കുന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നവും അധികം വൈകാതെ സാക്ഷാത്കരിക്കുമെന്ന ഉറപ്പും നല്‍കി.
റോമി കുര്യാക്കോസ്