CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 17 Seconds Ago
Breaking Now

ബെത് ലേഹ ആവിഷ്‌കാരം, കലാവസന്തം, ചാരിറ്റി, ശ്രദ്ധാഞ്ജലി; മേയറും, എംപിയും അടക്കം അതിഥികള്‍; സ്റ്റീവനേജില്‍ 'സര്‍ഗം ക്രിസ്തുമസ്-ന്യു ഇയര്‍' ആഘോഷം പ്രൗഢഗംഭീരമായി

സ്റ്റിവനേജ്: ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. മേയര്‍ ജിം ബ്രൗണ്‍, എം പി കെവിന്‍ ബൊണാവിയ , മേയറസ്സ് പെന്നി ഷെങ്കല്‍, സ്റ്റീവനേജ് ആര്‍ട്‌സ് ഗില്‍ഡ് ചെയര്‍ ഹിലാരി സ്പിയര്‍, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേല്‍, കൗണ്‍സിലര്‍ കോണര്‍ മക്ഗ്രാത്ത്, മുന്‍ മേയര്‍   മൈല ആര്‍സിനോ തുടങ്ങിയ സ്റ്റീവനേജിന്റെ നായക നിരയോടൊപ്പം  സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഭാരവാഹികളായ അപ്പച്ചന്‍ കണ്ണഞ്ചിറ, സജീവ് ദിവാകരന്‍, ജെയിംസ് മുണ്ടാട്ട്, വിത്സി പ്രിന്‍സണ്‍, പ്രവീണ്‍ തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍, അലക്സാണ്ടര്‍ തോമസ്, ചിന്ദു ആനന്ദന്‍ ചേര്‍ന്ന് സംയുക്തമായി നിലവിളക്കു തെളിച്ച് സര്‍ഗം ക്രിസ്തുമസ്സ് ആഘോഷത്തിന് ഔദ്യോഗികമായ നാന്ദി കുറിച്ചു. ഉദ്ഘാടന കര്‍മ്മത്തിനു ശേഷം മേയറും, എം പി യും, ഹിലാരിയും, അലോഷ്യസും സദസ്സിന് സന്ദേശം നല്‍കി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പരിപാടിയുടെ പ്രാരംഭമായി പ്രവീണ്‍കുമാര്‍ തോട്ടത്തില്‍ തയ്യാറാക്കിയ 'ഹോമേജ് ടു ലെജന്‍ഡസ് ' ഈ വര്‍ഷം വിടപറഞ്ഞ ഇന്ത്യയുടെ അഭിമാന വ്യക്തിത്വങ്ങളായ മുന്‍ പ്രധാന മന്ത്രിയും, പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിംഗ്, ലോകോത്തര ബിസിനസ്സ് മേധാവിയും, ജീവകാരുണ്യ മാതൃകയുമായ രത്തന്‍ ടാറ്റ, പ്രശസ്ത തബലിസ്റ്റും, സംഗീതജ്ഞനുമായ  സാക്കിര്‍ ഹുസൈന്‍, ഗസല്‍ വിദഗ്ദ്ധനും, പിന്നണി ഗായകനുമായ പങ്കജ് ഉദാസ്, പത്മഭൂഷണ്‍ ജേതാവും മലയാള മനസ്സുകളില്‍ എഴുത്തിന്റെ മുദ്ര ചാര്‍ത്തുകയും ചെയ്ത എം ടി വാസുദേവന്‍ നായര്‍, മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ എന്നിവരുടെ അനുസ്മരണവും, ശ്രദ്ധാഞ്ജലി സമര്‍പ്പണവും അനുചിതവുമായി.

 

എല്‍ ഈ ഡി സ്‌ക്രീനില്‍ മനോഹരമായ അനുബന്ധ പശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച് ബെത്ലേഹവും, മംഗളവാര്‍ത്ത മുതല്‍ ദര്‍ശ്ശനത്തിരുന്നാള്‍ വരെ കോര്‍ത്തിണക്കി അവതരിപ്പിച്ച 'പുല്‍ത്തൊട്ടിലിലെ ദിവ്യ ഉണ്ണി' നേറ്റിവിറ്റി പ്‌ളേ ആഘോഷത്തിലെ ഹൈലൈറ്റായി. തിരുപ്പിറവി പുനാരാവിഷ്‌ക്കരിക്കുന്നതില്‍ ബെല്ലാ ജോര്‍ജ്ജ്, ജോസഫ് റോബിന്‍, മരീസ്സാ ജിമ്മി, ബെനീഷ്യ ബിജു, അയന ജിജി, സാവിയോ സിജോ, ആബേല്‍ അജി,ജോഷ് ബെന്നി, ആരോണ്‍ അജി, ജോണ്‍ അഗസ്റ്റിന്‍    എന്നിവര്‍ ബൈബിള്‍ കഥാപാത്രങ്ങളായി. അഭിനേതാക്കളെയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജോ ജോസ് കാളാംപറമ്പില്‍, സംവിധായക ടെറീന ഷിജി എന്നിവരെയും നിലക്കാത്ത കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണ്‍, മേയറസ്സ് പെന്നി ഷെങ്കല്‍, എംപി കെവിന്‍ ബോണാവിയ  അടക്കം മുഴുവന്‍ വിഷ്ടാതിഥികളും എഴുന്നേറ്റു നിന്ന് ഹര്‍ഷാരവം മുഴക്കിയാണ് തങ്ങളുടെ അഭിനന്ദനം അറിയിച്ചത്.

തുടര്‍ന്ന് നടന്ന കരോള്‍ ഗാനാലാപനത്തില്‍ ജെസ്ലിന്‍, ഹെന്‍ട്രിന്‍, ആന്‍ മേരി ജോണ്‍സണ്‍, ഏഞ്ചല്‍ മേരി ജോണ്‍സണ്‍ എന്നിവരോടൊപ്പം ക്രിസ്തുമസ് പാപ്പയായി ജെഫേര്‍സനും കൂടി ചേര്‍ന്നപ്പോള്‍ ക്രിസ്തുമസ്സിന്റെ ദിവ്യാനുഭൂതി സദസ്സിനു പകരാനായി.

 

സര്‍ഗ്ഗം പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി 'സര്‍ഗ്ഗം' സംഘടിപ്പിച്ച  പുല്‍ക്കൂട്, ഭവനാലങ്കാര മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ തഥവസരത്തില്‍ വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം അപ്പച്ചന്‍-അനു,  രണ്ടാം സമ്മാനം ജോയി  -മെറ്റില്‍ഡ എന്നിവരും, ഭവനാലങ്കാരത്തില്‍ അലക്‌സ്-ജിഷ ഒന്നാം സമ്മാനവും,  രണ്ടാം സമ്മാനം സോയിമോന്‍-സുജ എന്നിവരും നേടി. യുഗ്മ റീജണല്‍ കലോത്സവത്തില്‍ വിജയിയായ ടിന തോംസനു   ട്രോഫിയും സമ്മാനിച്ചു. ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്വരൂപിച്ച ജീവ കാരുണ്യ നിധി നേരത്തെ കൈമാറിയിരുന്നു.

പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ക്രിബ്ബിന്റെ മാതൃക അനു അഗസ്റ്റിന്‍ പ്രവേശന കവാടത്തില്‍ ഒരുക്കിയും, ഹരിദാസിന്റെ നേതൃത്വത്തില്‍ മുത്തുക്കുടകള്‍ നിരത്തിയും, അലങ്കാര തോരണങ്ങള്‍ തൂക്കിയും വീഥിയും, ഹാളും ' തിരുന്നാള്‍' പ്രതീതി പുല്‍കിയപ്പോള്‍ ആഗതരില്‍ ഒരു തിരുപ്പിറവിയുടെ നവ്യാനുഭവം പകരുന്നതായി.

അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പ്രൗഢവും വര്‍ണ്ണാഭവുമായ  കലാസന്ധ്യയില്‍ അരങ്ങേറിയ നടന-സംഗീത-നൃത്ത വിസ്മയ

പ്രകടനങ്ങള്‍, മേയറും എംപി യും മറ്റു വിശിഷ്ടാതിഥികളും   മണിക്കൂറുകളോളം ഇരുന്നു ആസ്വദിക്കുകയും,സംഘാടകരെയും കലാകാരെയും അഭിനന്ദിക്കുകയും ചെയ്തു. ക്രിസ്തുമസ്സ് ഡിന്നറും രുചിച്ചാണ് അവര്‍ വേദി വിട്ടത്.

സ്റ്റീവനേജ് ആര്‍ട്‌സ് ഗില്‍ഡ് ചെയര്‍പേഴ്‌സ ന്‍ ഹിലാരി സ്പിയേഴ്സ് കലാ  പ്രതിഭകളെ നേരില്‍ കണ്ടു അഭിനന്ദിക്കുകയും, വ്യക്തിഗത മികവ് പുലര്‍ത്തിയവരില്‍ ചിലര്‍ക്ക്  സ്റ്റീവനേജിന്റെ അഭിമാന വേദിയായ ഗോര്‍ഡന്‍ ക്രൈഗ് തിയേറ്ററില്‍ അവതരണ അവസരം നല്‍കുമെന്നും പറഞ്ഞു. കലാകാര്‍ക്ക് വേദികളും അവസരങ്ങളും പ്രോത്സാഹനവും നല്‍കുന്ന സര്‍ഗ്ഗം സ്റ്റീവനേജ് അസോസിയേഷനെ പ്രശംസിക്കുകയും, ഭാവിയില്‍ സംയുക്തമായി പദ്ധതികള്‍ രൂപം ചെയ്യണമെന്നും ഹിലാരി അഭിപ്രായപ്പെട്ടു.

ക്രിസ്തുമസ്സിന്റെ ഭാഗമായി ആന്‍ഡ്രിയ ജെയിംസ്, ജോസ്ലിന്‍ ജോബി, അസിന്‍ ജോര്‍ജ് എന്നിവര്‍ പങ്കുചേര്‍ന്നു നടത്തിയ പ്രെയര്‍ ഡാന്‍സ് പ്രാര്‍ത്ഥനാനിര്‍ഭരമായി. നോയലും ആല്‍ഫ്രഡും ചേര്‍ന്ന് നടത്തിയ'യുഗ്മ ഡാന്‍സ്' നൃത്തച്ചുവടുകളുടെ വശ്യതയും, വേഗതയും, ഹാസ്യാല്‍മ്മകമായ ഭാവ ചടുലതയുമായി സദസ്സിന്റെ കയ്യടി നേടി.

കലാ സന്ധ്യയില്‍ അതിഥികളായെത്തിയ യുഗ്മ കലാതിലകം ആന്‍ അലോഷ്യസും, കലാപ്രതിഭ ടോണി അലോഷ്യസും തങ്ങളുടെ ഗാനവും, നൃത്തങ്ങളുമായി വേദി കീഴടക്കിയപ്പോള്‍, അതിഥി ഗായകരും, മ്യൂസിക്കല്‍ ട്രൂപ്പംഗങ്ങളുമായ ശ്രീജിത്ത് ശ്രീധരന്‍, അജേഷ് വാസു എന്നിവര്‍ സദസ്സിനെ സംഗീതാമാരിയില്‍ കോരിത്തരിപ്പിച്ചു.

മികവുറ്റ സംഗീത-നടന-നൃത്തങ്ങള്‍ സമന്വയിച്ച  ക്രിസ്തുമസ്സ് ആഘോഷത്തില്‍ പ്രമുഖ മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സ് കമ്പനിയായ 'ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ്', സെന്റ് ആല്‍ബന്‍സിലെ   'ചില്‍@ചില്ലീസ്' കേരള ഹോട്ടല്‍, യു കെ യിലെ പ്രമുഖ ഹോള്‍സെയില്‍ ഫുഡ്- ഇന്‍ഗ്രിഡിയന്‍സ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ 'ബെന്നീസ് കിച്ചണ്‍' അടക്കം സ്ഥാപനങ്ങള്‍ സര്‍ഗ്ഗം ആഘോഷത്തില്‍ സ്‌പോണ്‍സര്‍മാരായിരുന്നു. വിത്സി, അലക്‌സാണ്ടര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേഷനിലും, ജെയിംസ്, അലക്‌സാണ്ടര്‍ എന്നിവര്‍ അഡ്മിനിസ്‌ട്രേഷനിലും അപ്പച്ചന്‍, സജീവ് എന്നിവര്‍ പൊതു വിഭാഗത്തിലും ആഘോഷത്തിന് നേതൃത്വം നല്‍കി.

 

ദുശ്യ- ശ്രവണ വിരുന്നൊരുക്കിയ കലാസന്ധ്യയില്‍ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികള്‍ കോര്‍ത്തിണക്കി ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി, അനീറ്റ സജീവ് എന്നിവര്‍ അവതാരകരായി തിളങ്ങി. 'ബെന്നീസ്സ് കിച്ചന്‍'  ഒരുക്കിയ  വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ത്രീ കോഴ്‌സ് ക്രിസ്തുമസ്സ് ഗ്രാന്‍ഡ് ഡിന്നര്‍ ഏവരും ഏറെ ആസ്വദിച്ചു. സജീവ് ദിവാകരന്‍ വെളിച്ചവും ശബ്ദവും നല്‍കുകയും, ബോണി

ഫോട്ടോഗ്രാഫിയും, റയാന്‍ ജെയിംസ് വീഡിയോഗ്രാഫിയും ചെയ്തു.

 

സര്‍ഗ്ഗം സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശിപ്പിച്ചു. സര്‍ഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടികളില്‍ ആന്റണി പി ടോം, ഇവാ അന്നാ ടോം, ടാനിയാ അനൂപ്, അഞ്ജു മരിയാ ടോം, ഹെന്‍ട്രിന്‍, ജെസ്ലിന്‍ വിജോ, ആനി അലോഷ്യസ്, ക്രിസ്റ്റിന, ഏഞ്ചല്‍ മേരി, ആന്‍ മേരി എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ സംഗീതസാന്ദ്രത പകരുന്നവയായി.

 

എഡ്‌നാ ഗ്രേസ് ഏലിയാസ്, നൈനിക ദിലീപ് നായര്‍, ദ്രുസില്ല ഗ്രേസ് ഏലിയാസ്, സാരു ഏലിയാസ്, ടെസ്സ അനി ജോസഫ്, മരിയാ അനി ജോസഫ്, ഇഷ നായര്‍ എന്നിവര്‍ നടത്തിയ നൃത്തങ്ങള്‍ ഏറെ   ആകര്‍ഷകമായി.

 

ഇവാനിയ മഹേഷ്, സൈറ ക്‌ളാക്കി, ആദ്യാ ആദര്‍ശ്, ഹന്നാ  ബെന്നി, അമാന്‍ഡ എന്നിവരും, നിനാ ലൈജോണ്‍, നിയ ലൈജോണ്‍ എന്നിവരും അലീന വര്‍ഗ്ഗീസ്, മരിറ്റ ഷിജി, ഹന്നാ ബെന്നി,ബെല്ല ജോര്‍ജ്ജ് എന്നിവരും ചേര്‍ന്നു നടത്തിയ ഗ്രൂപ്പ് ഡാന്‍സുകള്‍ നയന മനോഹരങ്ങളായി.

 

അദ്വിക്, ഷോണ്‍, ഫെലിക്‌സ്, ഫ്രഡ്ഡി, ഡേവിഡ്, മീര എന്നിവരും, മരീസ ജോസഫ്, ജിസ്‌ന ജോയ്, സൈറ ക്ലാക്കി എന്നിവരും, അക്ഷര സന്ദീപ്, അദ്വ്യത ആദര്‍ശ്, അനിക അനീഷ് എന്നിവരും ഗ്രൂപ്പുകളായി നടത്തിയ സംഘ നൃത്തങ്ങള്‍ വേദി കയ്യടിയോടെയാണ് സ്വീകരിച്ചത്. നോയല്‍, ആല്‍ഫ്രഡ്, ജോവന്‍, ജോഷ്, നേഹ. മരിറ്റ, ബെല്ല എന്നിവരും ആതിര,ടെസ്സി, അനഘ, ശാരിക എന്നിവരും ചേര്‍ന്ന് നടത്തിയ 'യൂത്ത് ഗൈറേറ്റ് ' സദസ്സിനെ നൃത്തലയത്തില്‍ ആറാടിച്ചു.

 

അടുത്തവര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബര്‍മാരുടെ നോമിനേഷനുകള്‍ക്ക് ശേഷം, ക്രിസ്മസ് ഗ്രാന്‍ഡ് ഡിന്നറോടെ സര്‍ഗ്ഗം ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ സമാപനമായി.

 




കൂടുതല്‍വാര്‍ത്തകള്‍.