പത്തനാപുരം / യു കെ: യു കെയിലെ പ്രമുഖ സംരംഭകയും ചാരിറ്റി പ്രവര്‍ത്തകയും കെ പി സി സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ഓ ഐ സി സിയുടെ യു കെ ഘടകം പ്രസിഡന്റുമായ ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'.
'ലോക കേരളം, സൗഹൃദ കേരളം' എന്ന പേരില്‍ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ വച്ച് സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങില്‍ വച്ചാണ് ഷൈനു ക്ലെയര്‍ മാത്യൂസ് ആദരിക്കപ്പെട്ടത്. ചടങ്ങിനോടാനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മേഖാലയ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. വേള്‍ഡ് മലയാളി ബിസിനസ് ഫോറം ഗ്ലോബല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, കെ പി സി സി സെക്രട്ടറി റിങ്കൂ ചെറിയാന്‍, വേള്‍ഡ് മലയാളി ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗാന്ധി ഭവന്‍ ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സംരംഭക പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രാവിലെ 11.30ന് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഗാന്ധി ഭവനിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ അവതരിപ്പിച്ച വിവിധ കലാവിരുന്നുകള്‍ മിഴിവേകി. പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ ഉള്‍പ്പടെ ആയിരത്തിയഞ്ഞൂറോളം പേരുടെ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു.
റോമി കുര്യാക്കോസ്