നാഗചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ റൊമാന്റിക് സിനിമയാണ് 'തണ്ടേല്‍'. വലിയ പ്രതീക്ഷകളുമായി എത്തുന്ന സിനിമ ഫെബ്രുവരി 7 തെലുങ്കിലും തമിഴിലുമായി പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ സിനിമയിലെ നാഗചൈതന്യയുടെ അഭിനയത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സായ് പല്ലവി. സിനിമയിലെ ഒരു രംഗത്തിലെ നാഗചൈതന്യയുടെ പ്രകടനം കണ്ട് തന്റെ ഭാഗം റീഷൂട്ട് ചെയ്യാനായി താന്‍ ആവശ്യപ്പെട്ടെന്ന് നടി സായ് പല്ലവി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.
'സിനിമയിലെ ഒരു രംഗത്തില്‍ അതിഗംഭീര പ്രകടനമായിരുന്നു നാഗചൈതന്യ കാഴ്ചവെച്ചത്. ആ സീന്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ എന്റെ സീന്‍ റീഷൂട്ട് ചെയ്യണമെന്ന് സംവിധായകനോട് പറഞ്ഞു. കാരണം എന്റെ പ്രകടനം നാഗചൈതന്യയുടെ ആ മികച്ച അഭിനയത്തിനൊപ്പം മാച്ച് ചെയ്യുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനത്തോട് നീതി പുലര്‍ത്താന്‍ ആ പ്രധാന രംഗം ഇനിയും മികച്ചതാക്കണമെന്ന് എനിക്ക് തോന്നി', സായ് പല്ലവി പറഞ്ഞു. നാഗചൈതന്യയും സായ് പല്ലവിയും അവതരിപ്പിക്കുന്ന രാജു, ബുജ്ജി എന്നിവരുടെ പ്രണയമാണ് ചിത്രം പറയുന്നത്.