ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയ തന്നെ പിടിച്ച് ഉദ്ഘാടകന്‍ ആക്കി മാറ്റിയ സംഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ ബിജുക്കുട്ടന്‍. മലപ്പുറത്ത് വച്ചായിരുന്നു സംഭവം നടന്നത്. ആഹാരം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞ് നല്ല വൃത്തിയുള്ള ഹോട്ടല്‍ കണ്ടപ്പോള്‍ ഇറങ്ങിയതാണ്. പുതിയ ഹോട്ടല്‍ ആയതു കൊണ്ട് നല്ല ഫുഡ് കിട്ടുമെന്ന് കരുതി. അവിടെയുള്ളവര്‍ ബൊക്കയും മാലയും തന്ന് സ്വീകരിച്ച് ഉദ്ഘാടകനാക്കി എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജുക്കുട്ടന്‍ സംസാരിച്ചത്. ''സിനിമയില്‍ വന്ന ശേഷമാണ് ഈ സംഭവം നടക്കുന്നത്. മലപ്പുറത്ത് ഒരു ഉദ്ഘാടനപരിപാടി. നാട്ടില്‍ നിന്ന് കാറില്‍ ഞാനും സുഹൃത്തും കൂടി പോയി. 50000 രൂപയാണ് പ്രതിഫലം. ഉദ്ഘാടനം കഴിഞ്ഞ് അവര് പറഞ്ഞു. ആഹാരം കഴിച്ചിട്ട് പോകാം. പോകുന്ന വഴിക്ക് കഴിച്ചോളാമെന്ന് പറഞ്ഞു ഞങ്ങള്‍ അവിടെ നിന്നിറങ്ങി. വരുന്ന വഴി നല്ല വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടു.''
''ഡെക്കറേഷന്‍ ഒക്കെ ഉണ്ട്. പുതിയ ഹോട്ടലല്ലേ. നല്ല ഫുഡ് കിട്ടുമെന്നു പ്രതീക്ഷയായി. കാറില്‍ നിന്നിറങ്ങിയപ്പോള്‍ ബൊക്കയും മാലയും തന്നു സ്വീകരിച്ചു ഇതെന്ത് ആചാരം എന്നു തോന്നിയെങ്കിലും സന്തോഷത്തോടെ സ്വീകരിച്ചു. അപ്പോഴാണ് അകത്ത് അനൗണ്‍സ്മെന്റ് കേള്‍ക്കുന്നത് നമ്മള്‍ കാത്തിരുന്ന അതിഥി ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നു. മലയാള സിനിമാതാരം ബിജുക്കുട്ടന്‍ ഉദ്ഘാടനത്തിന് എത്തിച്ചേര്‍ന്നിരിക്കുന്നു.''
''എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അതിന് മുമ്പ് തന്നെ ഹോട്ടലിന്റെ ഉടമസ്ഥന്‍ പറഞ്ഞു. ആ നിലവിളക്ക് കത്തിച്ച് ബിജുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യണം. ഞാന്‍ അതുപോലെ ചെയ്തു. അവിടെ നിന്ന് ഭക്ഷണം കഴിച്ചു. പോരാന്‍ നേരം ഉടമസ്ഥന്‍ വന്നു പറഞ്ഞു, വേറൊരു നടനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അവസാന നിമിഷം പിന്മാറി ആ സമയത്തു ഞാന്‍ കയറിച്ചെന്നത് അവര്‍ക്ക് വലിയ സന്തോഷമായി.''
''യാത്ര പറഞ്ഞിറങ്ങവേ ആ ഉടമസ്ഥന്‍ ഒരു പൊതി എന്നെ ഏല്‍പ്പിച്ചു. മറ്റേ നടന് കൊടുക്കാന്‍ വച്ചിരുന്നതാണ്. കൂടുതലാണെങ്കിലും കുറവാണെങ്കിലും പൊരുത്തപ്പെടണം. അദ്ദേഹം പറഞ്ഞു ആദ്യം ഞാനത് വേണ്ടെന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹം നിര്‍ബന്ധിച്ചു. വീട്ടിലെത്തി പണമെത്രയെന്ന് നോക്കിയപ്പോള്‍ ചെറുതായി ഒന്ന് ഞെട്ടി. 75000 രൂപ. നേരത്തെ വരാമെന്നേറ്റ നടന് കൊടുക്കാന്‍ വച്ചിരുന്ന പണമായിരുന്നു അത്'' എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്.