പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹത്തിന്റെ പകുതി ആവശ്യപ്പെട്ട് മകന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയ മൂത്ത മകനാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. ടികാംഗഡ് ജില്ലയിലെ ലിധോറതാല്‍ ഗ്രാമത്തിലെ ധ്യാനി സിംഗ് ഘോഷിന്റെ സംസ്‌ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.
84 കാരനായ ധ്യാനി സിംഗ് ഘോഷ് ഇളയ മകനായ ദേശ്രാജിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്ന ധ്യാനി സിംഗ് ഘോഷ് കഴിഞ്ഞ ദിവസം മരണപ്പെട്ടു. തുടര്‍ന്ന് ദേശ്രാജ് പിതാവിന്റെ മരണം ജ്യേഷ്ഠനായ കിഷനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഗ്രാമത്തിലെത്തിയ കിഷന്‍ ആണ് പിതാവിന്റെ പകുതി മൃതദേഹം ആവശ്യപ്പെട്ടത്.
കിഷന്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ തനിക്ക് നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അച്ഛന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തനിക്ക് തന്നെ ചെയ്യണമെന്ന് ഇളയ മകന്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഇതേ തുടര്‍ന്നാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ തനിക്കും പകുതി മൃതദേഹം വേണമെന്ന് കിഷന്‍ വാശി പിടിച്ചത്.
ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിതാവിന്റെ മൃതദേഹം പകുതിയായി മുറിച്ച് വീതിക്കാമെന്നായിരുന്നു കിഷന്റെ വാദം. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മകനെ അനുനയിപ്പിക്കുകയും ഇളയ മകന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു.