യുകെയില്‍ താപനില -7 സെല്‍ഷ്യസായി താഴുമെന്ന് വ്യക്തമായതോടെ തണുപ്പിനുള്ള ആരോഗ്യ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. വെള്ളിയാഴ്ച മുതല്‍ രാജ്യം കൂടുതല്‍ തണുപ്പേറിയ, വരണ്ട കാലാവസ്ഥയിലേക്കാണ് മാറുന്നതെന്നാണ് മുന്നറിയിപ്പ്.
ഈ കാലാവസ്ഥ അല്‍പ്പ ദിവസങ്ങള്‍ തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. വിന്ററില്‍ ഈസ്റ്റ് ഭാഗത്ത് നിന്നും കാറ്റ് വീശുമ്പോള്‍ തണുപ്പേറുകയും, വരണ്ട അവസ്ഥ രൂപപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനൊപ്പം മഞ്ഞിനുള്ള സാധ്യതയും തേടിയെത്തും.
അതേസമയം 2018ല്‍ നേരിട്ടതിന് സമാനമായ 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്' എന്ന് വിശേഷിപ്പിക്കുന്ന അസാധാരണമായ തണുപ്പും, മഞ്ഞ് കാലാവസ്ഥയും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ബാള്‍ട്ടിക് സ്റ്റേറ്റുകള്‍ക്കും, റഷ്യക്കും മുകളിലുള്ള കാറ്റ് സാധാരണ പോലെ അത്ര തണുപ്പേറിയിട്ടില്ലെന്നതാണ് ഇതിന് കാരണം.
അതിനാല്‍ കടുത്ത തണുപ്പിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും വീക്കെന്‍ഡില്‍ പകല്‍ സമയങ്ങളില്‍ താപനില ശരാശരിക്ക് താഴേക്ക് പോകും. ഇത് അടുത്ത ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കും. സൗത്ത്, ഈസ്റ്റ് മേഖലകളില്‍ തണുപ്പേറിയ കാറ്റ് മരവിപ്പിക്കുന്ന അവസ്ഥ സംജാതമാക്കും.
നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലാണ് രാത്രി കാലങ്ങളില്‍ -7 സെല്‍ഷ്യസിലേക്ക് താപനില താഴാനുള്ള സാഹചര്യം നേരിടുന്നത്.