നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ. ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോര്‍ട്ട് സിബിഐ മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുഷാന്തിന്റെ വസതിയില്‍ ആരെങ്കിലും അതിക്രമിച്ച് കയറിയതിനുള്ള തെളിവുകള്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിഷാദ രോഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമികനിഗമനം.
മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ താരം ആത്മഹത്യ ചെയ്യില്ലെന്ന കുടുംബത്തിന്റെ ആരോപണമാണ് വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത്.