സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കൊളേജ് ഗ്രൗണ്ടില്‍ വച്ച് നടന്ന സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരെ കേസ് എടുത്തിരുന്നത്.
പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിന്റെ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ 14 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഷാന്‍ റഹ്‌മാന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനിടെ സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനും ഷാന്‍ റഹ്‌മാനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നത്.