നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ് പൃഥ്വിരാജ്. നിലവില്‍ തന്റെ മൂന്നാമത്തെ ചിത്രവും പുറത്തിറക്കി മികവുറ്റ സംവിധായകന്‍ എന്ന പേരുമെടുത്തു പൃഥ്വിരാജ്. ഇന്നായിരുന്നു എമ്പുരാന്റെ റിലീസ്. ലൂസിഫര്‍ ഫ്രാഞ്ചൈസിയില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അത് ആരാധകര്‍ക്ക് വന്‍ ദൃശ്യവിരുന്നായിരുന്നു. ഇപ്പോഴിതാ മകന്റെ സംവിധാന ചിത്രം കണ്ട് മനസുനിറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരന്‍.
മക്കള്‍ക്കും ചെറുമക്കള്‍ക്കും മരുമക്കള്‍ക്കും ഒപ്പമാണ് മല്ലിക സുകുമാരന്‍ സിനിമ കാണാന്‍ എത്തിയത്. തിയറ്റിലെത്തിയ മോഹന്‍ലാല്‍ മല്ലികയെ ചുംബനം നല്‍കി സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 'ജീവിതത്തില്‍ ആദ്യമായിട്ടാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്. എല്ലാവരും എമ്പുരാനേന്ന് വിളിക്കുമ്പോള്‍ ഞാന്‍ തമ്പുരാനേന്ന് വിളിക്കും. ഒരുപാട് സന്തോഷം. വലിയൊരു പടം കണ്ട ഫീല്‍ ആണ്. എല്ലാം നല്ല ഭംഗിയായിട്ട് വരട്ടെ. ജനങ്ങള്‍ സിനിമ രണ്ടു കയ്യും നീട്ടി സ്വീകരിക്കട്ടെ. അതിനുള്ള പ്രാര്‍ത്ഥനയിലാണ് ഞാന്‍. സുകുവേട്ടനെ ഓര്‍മ്മ വന്നു', എന്നാണ് മല്ലിക സുകുമാരന്‍ ഫസ്റ്റ് ഷോയ്ക്ക് ശേഷം പ്രതികരിച്ചത്.