നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴയിട്ട് മുനിസിപ്പ് കോടതി വിധി. കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് നിര്‍മ്മാതാവിന് കോടതി പിഴയിട്ടത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'ഒപ്പം' സിനിമയില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയിലാണ് വിധി വന്നത്.
പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനിയുടെ വിധി. ഒപ്പം സിനിമയുടെ 29-ാം മിനിറ്റില്‍ അനുശ്രീ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു ക്രൈം ഫയല്‍ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിക്കുന്നുണ്ട്.
ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. ഫോട്ടോ അനുവാദമില്ലാതെ തന്റെ വ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് പരാതിക്കാരിക്ക് മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്നാണ് 2017ല്‍ കോടതിയെ സമീപിച്ചത്.
ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ അസി.ഡയറക്ടര്‍, മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചു. തുടര്‍ന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിക്കുകയായിരുന്നു. ഇതുവരെയും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. ഈ പരാതിയിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതി വിധി വന്നിരിക്കുന്നത്.