എമ്പുരാന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഗോധ്രാ കലാപത്തെ കുറിച്ച് പക്ഷപാതപരമായാണ് ചിത്രം പറയുന്നത്. എമ്പുരാന്‍ രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ ഉയോഗിച്ചുവെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ സ്വന്തം ആരാധകരെ വഞ്ചിച്ചുവെന്നും ലേഖനത്തിലുണ്ട്.
സിനിമയോട് കേരളത്തിലെ ബിജെപി നിലപാട് മയപ്പെടുത്തുമ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തുന്നത്. സിനിമ ഇന്ത്യാ വിരുദ്ധ അജണ്ടയാണ്. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. കലാപരമായ ചെലവ് കണക്കിലെടുക്കാതെ, സ്വന്തം രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ സ്വന്തം വേദി ഉപയോഗിച്ചതിന് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരനെ വിമര്‍ശിക്കേണ്ടതുണ്ട്.
അത്തരം ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടത് നിര്‍ണായകമാണ്. കൂടാതെ വര്‍ഗീയ സംഘര്‍ഷങ്ങളും ഭിന്നതയും വളര്‍ത്താനുള്ള അതിന്റെ സാധ്യത അവഗണിക്കരുത്. ഇതിനകം തന്നെ ധ്രുവീകരിക്കപ്പെട്ട ഒരു അന്തരീക്ഷത്തില്‍, എമ്പുരാന്‍ പോലുള്ള ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള സിനിമകള്‍ നിലവിലുള്ള വിള്ളലുകള്‍ വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ശിഥിലീകരണത്തിന് കാരണമാവുകയും ചെയ്യുമെന്നും ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മുസ്ലീം ഗ്രാമം പൂര്‍ണ്ണമായും കത്തിക്കുന്ന എന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഹിന്ദു പുരുഷന്‍മാര്‍ ഒരു മുസ്ലിം കുട്ടിയെ മര്‍ദ്ദിക്കുന്നതും ശര്‍ഭിണിയായ മുസ്ലിം സ്ത്രീയെ ആക്രമിക്കുന്നതും ചിത്രത്തിലുണ്ട്. ഹിന്ദുക്കളെ മുഴുവന്‍ അക്രമകാരികളായി ചിത്രീകരിക്കുകയാണ്. ഇത് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതാണ്. മോഹന്‍ലാലിനെ പോലൊരു നടന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു കഥ തിരഞ്ഞെടുത്തത് എന്നത് ദുരൂഹമാണ്. ഇത് ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനത്തില്‍ പറയുന്നു.
എമ്പുരാന്‍ വെറുമൊരു സിനിമയല്ല. ഇതിനകം തന്നെ തകര്‍ന്ന ഇന്ത്യയെ കൂടുതല്‍ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ആഖ്യാനം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമാണിത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണ്. കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ രാഷ്ട്രീയ അജണ്ട ഓരോ ഫ്രെയിമിലും വ്യക്തമാണ്.
സാമൂഹിക ഐക്യത്തിന് ഹാനികരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സിനിമയെ ഉപകരണമായി ഉപയോഗിക്കുന്ന ഒരു പ്രത്യയശാസ്ത്ര ആയുധമാണിത്. പൊതുജനങ്ങള്‍, പ്രത്യേകിച്ച് മോഹന്‍ലാലിനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍, സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി കാണുകയും അതിന്റെ രാഷ്ട്രീയ അര്‍ഥങ്ങള്‍ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഓര്‍ഗനൈസര്‍ എഴുതി.