കൊച്ചു കേരളത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിമാന നേട്ടം കൊയ്തവരുടെ കണ്ണക്കെടുത്താല്‍ അതില്‍ ഒരു പേരാകും ജയകൃഷ്ണന്‍ ചന്ദ്രപ്പന്‍. ഗ്ലോസ്റ്ററില്‍ നിന്നുള്ള ഇദ്ദേഹത്തിന്റെ സേവനം തേടിയിരിക്കുകയാണ് യുകെയിലെ രണ്ട് യൂണിവേഴ്‌സിറ്റികള്‍. തന്റെ ജീവിതത്തിലെ കഠിന അദ്ധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തെ യുകെ ഇത്രയും സ്വീകരിക്കാന്‍ കാരണം.
ഈ ചേര്‍ത്തലക്കാരന്റെ കഴിവ് ബ്രിട്ടന്‍ അംഗീകരിച്ചു കഴിഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് ന്യൂപോര്‍ട്ടില്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചപ്പോള്‍ ചുമതല ഇദ്ദേഹത്തിനായിരുന്നു. രണ്ടു പതിറ്റാണ്ടായി മുംബൈയില്‍ നിന്ന് സിംഗപ്പൂരിലെ അമേരിക്കന്‍ കമ്പനിയിലെത്തിയ ജയകൃഷന്‍ ഗവേഷണം തുടരാന്‍ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെത്തിയതോടെ കരിയറാകെ മാറി. സിഎസ്എ ക്യാറ്റപുലറ്റ് എന്ന സ്ഥാപനത്തില്‍ അഡ്വാന്‍സ്ഡ് പാക്കേജിങ് തലവനായി മാറി. ഈ സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരനായിരുന്നു ഇദ്ദേഹം. ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെ 75 അംഗങ്ങളുടെ ടീമിനെ നയിച്ചത് ഇദ്ദേഹമാണ്.
സെമി കണ്ടക്ടര്‍ വ്യവസായ രംഗത്തെ സാങ്കേതിക വിദഗ്ധരില്‍ മുന്‍ നിരയിലുള്ള ഇദ്ദേഹത്തിന്റെ സേവനം ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയും ഗ്ലാസ്‌ഗോയിലെ സ്ട്രാത് ക്‌ളൈഡ് യൂണിവേഴ്‌സിറ്റിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ മുംബൈ ഐഐടിയില്‍ സാങ്കേതിക വിദഗ്ധനായി സേവനം തുടങ്ങി ജപ്പാനില്‍ ഉപരിപഠനം നടത്താനുള്ള അവസരം ചില സാങ്കേതിക തടസ്സം പറഞ്ഞു നഷ്ടമായപ്പോഴാണ് അദ്ദേഹം ഇന്ത്യവിട്ടു മറ്റൊരു രാജ്യത്തേക്ക് പോകാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനോടുള്ള ആ പ്രതിഷേധം മൂലം അദ്ദേഹം ഇന്ത്യ വിട്ടപ്പോള്‍ ഇന്ത്യയ്ക്കു ''നഷ്ടവും'' ബ്രിട്ടനത് ലാഭവുമായി മാറി !!
ബ്രിട്ടന്റെ സെമി കണ്ടക്ടര്‍ വ്യവസായത്തിലെ നെടുംതൂണായി അദ്ദേഹം മാറി. ആധുനിക കാറുകളിലും മൊബൈലുകളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സെമി കണ്ടക്ടറുകള്‍. ഇതിന്റെ സാധ്യത മനസിലാക്കിയതിനാല്‍ തന്നെ യൂണിവേഴ്‌സിറ്റികള്‍ ജയകൃഷ്ണന്റെ സേവനം പ്രയോജനപ്പെടുത്തുകയായിരുന്നു. ഡിജിറ്റല്‍ സാങ്കേതിക രംഗത്തു തന്റെ സേവനം കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് ഇദ്ദേഹം
ഒമ്പതു മില്യണ്‍ പൗണ്ടിന്റെ സഹായത്തോടെ ഗ്ലാസ്‌ഗോയില്‍ ആരംഭിച്ച സെമി കണ്ടക്ടര്‍ നിര്‍മ്മാണ ഇന്‍സ്റ്റിറ്റ്യൂട്ടിനും ജയകൃഷ്ണന്റെ സേവനം ഗുണം ചെയ്യും. യൂറോപ്പില്‍ തന്നെ ആദ്യമെന്ന് വിലയിരുത്തുന്ന ഈ ഉത്പാദന കേന്ദ്രം ഒരു മുതല്‍കൂട്ടാകുമെന്നുറപ്പാണ്. സ്‌കോട്‌ലന്‍ഡിലെ സ്ട്രാത് ക്‌ളൈഡ് യൂണിവേഴിസിറ്റിയും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുകയാണ്. ഗവേഷണ രംഗത്ത് മലയാളികള്‍ക്ക് അഭിമാനമാകുകയാണ് ജയകൃഷ്ണന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള മേഖലകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചര്‍ച്ചകളും നടന്നുവരികയാണ്. രണ്ട് സ്റ്റാര്‍ട്ട് അപ്പുകളുടെ സഹസ്ഥാപകനാണ് ജയകൃഷ്ണന്‍. ബ്രിസ്റ്റോള്‍, ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഉപദേശകനും കുസാറ്റിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്.
ഐബിഎം ബ്രിസ്റ്റോള്‍ യൂണിറ്റില്‍ സീനിയര്‍ പ്രോഗ്രാം മാനേജറാണ് ഭാര്യ കീര്‍ത്തി. ഗ്ലോസ്റ്റര്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശ്രീറാമും സ്വരൂപുമാണ് മക്കള്‍.
ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെയും ബ്രിസ്‌റ്റോള്‍ ഹിന്ദു സമാജത്തിന്റെയും സജീവ പ്രവര്‍ത്തകനാണ്.
യൂറോപ്പിലെ പ്രശസ്തമായ മേരി സ്‌കോഡോവ്‌സ്‌ക-ക്യൂറി ഫെലോഷിപ്പും റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ എമര്‍ജിംഗ് ടെക്‌നോളജി ഷോകേസ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഒരു മലയാളി ടെക്‌നോളജിസ്റ്റ് യുകെയ്ക്ക് മുതല്‍കൂട്ടാകുമ്പോള്‍ ഓരോ മലയാളിയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്.