999 കോള്‍ ലഭിച്ച് ആംബുലന്‍സുമായി പോയ പാരാമെഡിക്ക് വാഹനം അപകടത്തില്‍ പെടുത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടി കൊക്കെയിനാണ് ഇയാളുടെ രക്തത്തില്‍ നിന്നും കണ്ടെത്തിയത്.
കൊക്കെയിന്‍ ഉപയോഗിച്ച് അപകടം സൃഷ്ടിച്ചെങ്കിലും ജീവന്‍രക്ഷാ കരിയറിലെ മികച്ച റെക്കോര്‍ഡ് പരിഗണിച്ചാണ് കോളിന്‍ സ്റ്റുവാര്‍ഡിനെ ജയിലില്‍ പോകാതെ രക്ഷിച്ചത്. മാഞ്ചസ്റ്റര്‍ ബര്‍ണേജിലെ എ34-ല്‍ വെച്ചാണ് അപകടം നടന്നത്. പരിശോധനയില്‍ 54-കാരനായ സ്റ്റുവാര്‍ഡ് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28-നായിരുന്നു സംഭവം. മൂന്ന് പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. രക്തത്തില്‍ 50 എംസിജി പരിധിയുള്ള ബെന്‍സോയ്‌ലെക്‌ഗൊണൈന്‍ 240 എംസിജിയാണ് ഇയാളുടെ രക്തത്തില്‍ ഉണ്ടായിരുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച് ഡ്രൈവ് ചെയ്തതായി സ്റ്റുവാര്‍ഡ് സമ്മതിച്ചു.
ശിക്ഷാവിധിക്കായി മാഞ്ചസ്റ്റര്‍ ജെപി'സിന് മുന്‍പാകെ ഇയാള്‍ ഹാജരായി. സാധാരണ സാഹചര്യങ്ങളില്‍ ജയിലില്‍ അയയ്‌ക്കേണ്ടതാണെന്ന് ബെഞ്ച് ചെയര്‍ ബ്രെന്‍ഡണ്‍ ഹാര്‍ട്ട് പറഞ്ഞു. സമൂഹത്തിന് നല്‍കിയ സേവനങ്ങളും, രക്ഷിച്ച ജീവനുകളുടെ എണ്ണവും പരിഗണിച്ചാണ് വെറുതെവിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള സ്റ്റുവാര്‍ഡിന് 18 മാസത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും, 100 മണിക്കൂര്‍ വേതനമില്ലാത്ത ജോലിയും, 28 മാസത്തെ ഡ്രൈവിംഗ് വിലക്കും ഏര്‍പ്പെടുത്തി. അതേസമയം സ്റ്റുവാര്‍ഡിന്റെ പ്രവര്‍ത്തനം ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കി.