ലണ്ടനിലെ സ്‌കൂളുകളില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കാനും, ഗുണ്ടാസംഘങ്ങളുടെ ചൂഷണത്തിനും കളമൊരുക്കുന്ന രീതിയില്‍ സ്‌പെഷ്യലിസ്റ്റ് പോലീസ് ഓഫീസര്‍മാരെ നീക്കം ചെയ്യുന്നതിന് എതിരെ ഹെഡ്ടീച്ചര്‍മാര്‍. അടുത്ത മാസം മുതല്‍ 371 സേഫര്‍ സ്‌കൂള്‍സ് ഓഫീസര്‍മാരെ മറ്റ് പോലീസ് ടീമുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള മെട്രോപൊളിറ്റന്‍ പോലീസ് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എഡ്യുക്കേഷന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത്.
സ്‌പെഷ്യലിസ്റ്റ് പോലീസ് ഓഫീസര്‍മാരെ സ്‌കൂളുകളില്‍ നിന്നും പിന്‍വലിക്കുന്നതോടെ അധ്യാപകര്‍ വര്‍ദ്ധിച്ച തോതില്‍ അതിക്രമം നേരിടേണ്ടി വരുമെന്നാണ് ആശങ്ക. കൂടാതെ സ്‌കൂളുകളിലേക്ക് കത്തികളും, മയക്കുമരുന്നും ഒഴുകുമെന്നും ചില വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നുണ്ട്.
2009-ലാണ് സേഫര്‍ സ്‌കൂള്‍ ഓഫീസര്‍മാരെ ലണ്ടന്‍ സ്‌കൂളുകളില്‍ നിയോഗിക്കുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളും, യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനുമാണ് ഇത് ചെയ്തത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ ചൂഷണത്തിന് ഇരകളാകുകയും, കുറ്റകൃത്യങ്ങളില്‍ ചെന്നുചാടുകയും ചെയ്യുമെന്ന് 15 സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്ടീച്ചര്‍മാര്‍ എഴുതിയ കത്തില്‍ മുന്നറിയിപ്പ് നല്‍കി.
സേഫര്‍ സ്‌കൂള്‍ ഓഫീസര്‍മാരെ പിന്‍വലിക്കുന്ന വിഷയത്തില്‍ തങ്ങളുമായി ചര്‍ച്ച പോലും നടന്നില്ലെന്ന് പ്രധാന അധ്യാപകര്‍ പരാതിപ്പെടുന്നു. ഇത് അക്രമങ്ങള്‍ വര്‍ദ്ധിക്കാനും, ബുള്ളിയിംഗ് വര്‍ദ്ധിക്കാനും, ആയുധങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉയരാനും ഇടയാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ ആശങ്കപ്പെടുന്നു.