റാപ്പര്‍ വേടന് പിന്തുണയുമായി ഷറഫുദ്ദീന്‍. എലപ്പുള്ളി ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷറഫുദ്ദീന്‍ വേടനെ പിന്തുണച്ചത്. കഞ്ചാവ്, പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ എലപ്പുള്ളി ഫെസ്റ്റില്‍ നിന്നും വേടന്റെ ഷോ താല്‍ക്കാലികമായി സംഘാടക സമിതി വേണ്ടെന്ന് വച്ചിരുന്നു.
'വേടന്‍ വരാനിരുന്ന വേദിയാണ് ഇതെന്ന് എനിക്കറിയാം. ഇനിയൊരിക്കല്‍ അവന്‍ ഇവിടെ വന്ന് പാടുമ്പോള്‍ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെ. പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ. അത്ര ഗംഭീരമായി അങ്ങനെയൊരു പരിപാടി എനിക്ക് ഇവിടെ ഇടയിലിരുന്ന് കാണാന്‍ ഭാഗ്യമുണ്ടാവട്ടെ'' എന്നാണ് ഷറഫുദ്ദീന്‍ പറഞ്ഞത്.
മെയ് ഒന്നിന് ആയിരുന്നു വേടന്റെ മെഗാ ഇവന്റ് നടത്താനിരുന്നത്. എന്നാല്‍ കഞ്ചാവ്, പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പരിപാടി റദ്ദാക്കുകയായിരുന്നു. ഇതിന് പകരമായാണ് സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് മെഗാ ഷോ സംഘടിപ്പിച്ചത്. അതേസമയം, കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്.