ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേര്‍ത്തല ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് നടന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് ആണ് ശ്രീനാഥ് മൊഴി നല്‍കാന്‍ കോടതിയിലെത്തിയത്.
തുടര്‍ന്ന് 3.30ഓടെ മൊഴി നല്‍കി താരം മടങ്ങുകയായിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ പ്രധാനപ്രതി തസ്ലിമ സുല്‍ത്താനുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സൗഹൃദവും സംബന്ധിച്ച് ശ്രീനാഥ് എക്സൈസിന് മൊഴി നല്‍കിയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ താരം മൊഴി മാറ്റാതിരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം കോടതി രഹസ്യമൊഴി എടുത്തത്.
കേസില്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീനാഥ് ഭാസി എക്സൈസിന് മൊഴി നല്‍കിയിരുന്നു. കൂടാതെ ലഹരിയില്‍ നിന്ന് മോചനം നേടുന്നതിനായി എക്സൈസിന്റെ സഹായവും താരം അഭ്യര്‍ത്ഥിച്ചിരുന്നു. ശ്രീനാഥ് ഭാസിയെ കൂടാതെ കഞ്ചാവ് കടത്തിനുപയോഗിച്ച കാറിന്റെ ഉടമ ശ്രീജിത്തിന്റെ മൊഴിയും കോടതി രേഖപ്പെടുത്തി.
വാടകയ്ക്ക് നല്‍കിയ കാറാണെന്നും വിട്ടുകിട്ടണമെന്നും കാട്ടി ശ്രീജിത്ത് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും വാഹന ഉടമയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു.