സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചതെങ്കിലും സൂര്യ ചിത്രം 'റെട്രോ' മികച്ച കളക്ഷനാണ് ബോക്സ് ഓഫീസില്‍ നിന്നും നേടുന്നത്. 19.25 കോടി രൂപയാണ് ചിത്രം ഓപ്പണിങ് ദിനത്തില്‍ തിയേറ്ററില്‍ നിന്നും നേടിയ കളക്ഷന്‍. നിലവില്‍ ഇന്ത്യയില്‍ നിന്നും മാത്രം 30 കോടി രൂപ കളക്ഷന്‍ സിനിമ നേടിക്കഴിഞ്ഞു.
ഇതിനിടെ സിനിമയിലെ സീനുകളില്‍ പലതും കട്ട് ചെയ്യേണ്ടി വന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ്. ജയിലില്‍ നിന്നുള്ള സൂര്യയുടെ സീനുകളില്‍ പലതും കട്ട് ചെയ്തിരുന്നുവെന്നും അതെല്ലാം മികച്ചതായിരുന്നു എന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറയുന്നത്.
'ജയില്‍ സീന്‍ സ്‌ക്രിപ്റ്റില്‍ 5-6 മിനിറ്റ് ഉണ്ട്. അതെല്ലാം ഷൂട്ട് ചെയ്ത വെച്ചിട്ടുണ്ട്. ജയില്‍ സീക്വന്‍സുകള്‍ ഒരു എപ്പിസോഡ് പോലെയാണ്. സമയപരിമിതി കാരണം ചില മികച്ച സീനുകള്‍ മുറിച്ചുമാറ്റി. എല്ലാം മികച്ചതായിരുന്നു പക്ഷെ വേറെ വഴി ഇല്ലാതെ അതില്‍ പലതും കട്ട് ചെയ്തു. ഒരു മാസത്തിന് ശേഷം ഒരു വിപുലീകൃത പതിപ്പ് പുറത്തിറക്കും.''
''കാരണം ആദ്യം ജയിലില്‍ നിന്ന് സ്വയം പണിഷ്മെന്റ് വാങ്ങുന്ന സൂര്യ അതിനു ശേഷം ജയിലില്‍ റൗഡി ആയി മാറുകയാണ്. പിന്നീട് ജോജു ആയി സംസാരിക്കുന്ന സീന്‍ എല്ലാം ഉണ്ട്. ഇതുപോലെ നിറയെ സീനുകള്‍ ജയിലില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്'' എന്നാണ് സംവിധായകന്‍ പറയുന്നത്.