CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 35 Seconds Ago
Breaking Now

പരാതി ലഭിക്കാതെ ലിസ്റ്റിന്‍ സ്റ്റീഫന്റെ വിഷയത്തില്‍ ഇടപെടില്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പ്രസ്താവനയില്‍ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍. ലിസ്റ്റിന്‍ പരാതി നല്‍കിയാല്‍ മാത്രം പരിശോധിക്കും, നിര്‍മ്മാതാവിന്റെ ആരോപണം വ്യക്തിപരമായ വിഷയമായാണ് കാണുന്നത് എന്നാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ താന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യുടെ ലോഞ്ചിനിടെ പറഞ്ഞത്. ''മലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്.''

''വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്ന് കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും'' എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍.

അതേസമയം, ലിസ്റ്റിന്‍ പറഞ്ഞ പ്രമുഖ നടന്‍ നിവിന്‍ പോളി ആണെന്ന പ്രചാരണങ്ങളും കഴിഞ്ഞ ദിവസം നടന്നിരുന്നു. ലിസ്റ്റിന്‍ നിര്‍മ്മിക്കുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തില്‍ നിവിന്‍ ആണ് നായകന്‍. ചിത്രത്തിന്റെ സെറ്റില്‍ നിന്നും നിവിന്‍ ഇറങ്ങിപോയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ്മ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.