CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 29 Seconds Ago
Breaking Now

ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി; സഹോദരനെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് പറന്നെത്തി നവാസ് ഷരീഫ്

സംഘര്‍ഷത്തില്‍ അയവുണ്ടാക്കാന്‍ ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്നാണ് നവാസ് ഷരീഫിന്റെ നിര്‍ദ്ദേശം.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന് ഉപദേശവുമായി മുന്‍ പ്രധാനമന്ത്രിയും സഹോദരനുമായ നവാസ് ഷരീഫ് രംഗത്ത്. സംഘര്‍ഷത്തില്‍ അയവുണ്ടാക്കാന്‍ ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്നാണ് നവാസ് ഷരീഫിന്റെ നിര്‍ദ്ദേശം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തില്‍ സഹോദരന്‍ കൂടിയായ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സഹായിക്കാനായി നവാസ് ഷരീഫ് ലണ്ടനില്‍നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയതായി ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിന്ധുനദീജലക്കരാര്‍ താത്കാലികമായി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ദേശീയ സുരക്ഷാസമിതി സ്വീകരിച്ച തീരുമാനങ്ങള്‍ സംബന്ധിച്ച് നവാസ് ഷരീഫിന് ഷഹ്ബാസ് വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷത്തില്‍ നയതന്ത്രപരമായ ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ നവാസ് ഷരീഫ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനും സമാധാനം പുനഃസ്ഥാപിക്കാനും ലഭ്യമായ എല്ലാ നയതന്ത്ര മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നാണ് നവാസ് ഷരീഫ് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടിലുള്ളത്. അതേസമയം സിന്ദു നദീജല കരാറില്‍ പാകിസ്ഥാന് വേണ്ടി ഇടപെടാനാകില്ലെന്ന് ലോക ബാങ്ക് ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്.

സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു തര്‍ക്കത്തിലും ഇടപെടില്ലെന്ന് ലോക ബാങ്ക് വ്യക്തമാക്കി.കരാര്‍ ഇന്ത്യ റദ്ദാക്കിയിട്ടില്ലെന്നും സാങ്കേതികമായി തത്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നതായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. തങ്ങള്‍ക്ക് ഉടമ്പടിയില്‍ യാതൊരു ഇടപെടലും നടത്താനാകില്ലെന്നും ലോക ബാങ്കിന്റെ പങ്ക് അടിസ്ഥാനപരമായി ഒരു ഫെസിലിറ്റേറ്ററുടെ റോളാണെന്നും ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.