നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത ലോകം കേട്ടത് ഞെട്ടലോടെയാണ്. ഭീകരവാദത്തെ അപലപിച്ചും ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണ അറിയിച്ചപ്പോള്‍ തുര്‍ക്കി നിശബ്ദരായിരുന്നു. ഭീകരാക്രമണത്തെ അപലപിക്കാനോ, ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിക്കാനോ തയ്യാറാകാതിരുന്ന തുര്‍ക്കി പാകിസ്താനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്ത പുറത്തുവന്നു. ആയുധങ്ങളുമായി ടര്‍ക്കിഷ് സി-130 ഇ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റ് പാകിസ്താനിലെ കറാച്ചിയില്‍ ലാന്‍ഡ് ചെയ്തെന്നായിരുന്നു അത്. ഒരു ചരക്കുവിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്താനില്‍ ഇറങ്ങിയെന്നത് നേരാണെന്ന് വിശദീകരിച്ച് ആ അഭ്യൂഹത്തെ തുര്‍ക്കി തള്ളിക്കളഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് തൊട്ടുപിന്നാലെ പാകിസ്താന്‍ ഉയര്‍ത്തിയ ഇരവാദത്തിനൊപ്പം നിലകൊണ്ട ഏകരാജ്യവും തുര്‍ക്കിയായിരുന്നു.
പാകിന് പൂര്‍ണ പിന്തുണയുമായി തുര്‍ക്കി പിന്നിലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്ന തെളിവുകള്‍ പക്ഷെ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാന്‍ പാക് തൊടുത്ത ഡ്രോണുകള്‍ തുര്‍ക്കി നിര്‍മിതമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി ഇന്ത്യ വ്യക്തമാക്കി. തുര്‍ക്കി നിര്‍മിത സോംഗര്‍ അസിസ്ഗാര്‍ഡ് ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ഇതോടെ ഏപ്രില്‍ 28ന് കറാച്ചിയില്‍ ഇറങ്ങിയ ഹെര്‍ക്കുലീസ് വിമാനത്തിലെ 'ചരക്കുകള്‍' ഈ ഡ്രോണുകളായിരുന്നെന്ന് ഏകദേശം ഉറപ്പായി. മാത്രമല്ല, കഴിഞ്ഞ ഞായറാഴ്ച കറാച്ചി തീരത്ത് തുര്‍ക്കിയുടെ നാവിക യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരുന്നു. എന്നത്തേയും പോലെയുള്ള സ്വാഭാവിക സന്ദര്‍ശനമാണെന്നും ഒമാന്‍ തീരത്തും കപ്പല്‍ നങ്കൂരമിട്ടിട്ടുണ്ടെന്നുമുള്ള തുര്‍ക്കിയുടെ വിശദീകരണത്തെ അങ്ങനെ തൊണ്ടതൊടാതെ വിഴുങ്ങാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇതോടെ സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്ത പാകിസ്താന് തിരിച്ചടിക്കുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്ന 'അദൃശ്യ ശക്തി'തുര്‍ക്കി യാണെന്നാണ് ജിയോപൊളിറ്റിക്സ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
നേരത്തേയും പാകിസ്താന് ആയുധങ്ങള്‍ വിറ്റിരുന്ന രാജ്യമാണ് തുര്‍ക്കി. ആദ്യം പ്രധാനമന്ത്രിയും ഇപ്പോള്‍ പ്രസിഡന്റുമായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്‍ മുസ്ലീം ലോകത്തിന്റെ നായകത്വം തുര്‍ക്കിക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. അവിടെ പാകിസ്താന് പിന്തുണ നല്‍കേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യവുമാണ്.
കശ്മീരുമായി ബന്ധപ്പെട്ട പാകിസ്താന്റെ നിലപാടിനെ എര്‍ദോഗന് കീഴിലുള്ള തുര്‍ക്കി എന്നും പിന്തുണച്ചിട്ടേയുള്ളൂ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് 2019ല്‍ ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ അന്താരാഷ്ട്ര വേദികളിലും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പോലും കശ്മീര്‍ പ്രശ്നം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട് എര്‍ദോഗന്‍, ഇന്ത്യ തുര്‍ക്കിയ്ക്ക് ഒരാവശ്യം വന്നപ്പോള്‍ ഒപ്പം നിന്നതാണ്. ഭൂകമ്പത്തില്‍ തുര്ക്കി പകച്ചുനിന്നപ്പോള്‍ ഓപ്പറേഷന്‍ ദോസ്ത് മിഷന്‍ നടത്തി ഇന്ത്യ സഹായിച്ചിരുന്നു. ഏതായാലും ഇനി ഇന്ത്യ തുര്‍ക്കി ബന്ധത്തില്‍ വിള്ളലുകളുണ്ടായേക്കുമെന്നാണ് സൂചന.