CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 30 Seconds Ago
Breaking Now

ബ്രിട്ടീഷ് പാര്‍ലമെന് ഹൌസ് ഓഫ് ലോര്‍ഡ്സില്‍ മലയാളി ഡോക്ടര്‍ക്കു ഉന്നത ബഹുമതി; ഡോ.ജീഷ് ജോര്‍ജ്ജിന് (കിരണ്‍) സമ്മാനിച്ചത് 'ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേഴ്‌സ് അവാര്‍ഡ്'

ലണ്ടന്‍: നിരവധി ദേശീയ-അന്തര്‍ദ്ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കര്‍മ്മ നിരതനുമായ മലയാളി ഡോ.ജീഷ് ജോര്‍ജ്ജിന് (ഡോ.കിരണ്‍), ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലിമെന്റ്, ഹൌസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്റര്‍നാഷണല്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് ഉച്ചകോടിയില്‍ നിന്നുമാണ് ഉന്നത അംഗീകാരം ഡോക്ടറെ തേടിയെത്തിയത്.

ആഗോള രാഷ്ട്രീയ, ബിസിനസ്സ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഒത്തുകൂടിയ ഉച്ചകോടിയില്‍, ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, നവീന കണ്ടുപിടിത്തങ്ങള്‍, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ നടത്തുകയും, വിവിധ മേഖലകളില്‍ ഉത്കൃഷ്ട സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്ത അഭിമാനകരമായ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

ബ്രിട്ടീഷ് പാര്‍ലിമെന്റ് ഹൌസ് ഓഫ് ലോര്‍ഡ്സില്‍ രണ്ടു പതിറ്റാണ്ടോളമായി മെംബറായി തുടരുന്ന ദി ബാരോനെസ്സ്, സാന്‍ഡി വര്‍മ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍, ആഗോളതലത്തില്‍ പ്രശസ്തവും, യു കെ യിലെ പ്രമുഖ കമ്പനിയുമായ യു കെ, എം എസ് ജി ആതിഥേയത്വം വഹിച്ചു. ഉച്ച കോടിയില്‍ പങ്കെടുത്തവര്‍ക്ക്  നെറ്റ്വര്‍ക്കിംഗും, അറിവ് കൈമാറ്റവും നേടാന്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പ്രോഗ്രാം ക്രമീകരിച്ചിരുന്നത്. യു കെ, എം എസ് ജി സംഘടിപ്പിച്ച 54-ാമത് അന്താരാഷ്ട്ര ഉച്ചകോടിയില്‍ വെച്ചാണ് അഭിനാര്‍ഹമായ അംഗീകാരം ഡോക്ടര്‍ക്ക് സമ്മാനിച്ചത്.

ഒമന്യേ റോയല്‍ കിങ്ഡം ഓഫ് ഘാനയുടെ 'ഹേര്‍ റോയല്‍ മജെസ്റ്റി ക്വീന്‍ വിക്കിലീക്സ്റ്റര്‍' ആണ് ഈ അന്തരാഷ്ട്ര അവാര്‍ഡ് വിതരണം ചെയ്തത്. സീഷെല്‍സിന്റെ മുന്‍ ടൂറിസം മന്ത്രിയും, ലാലിയന്‍സ് നൂവോ സെസലിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ, അലൈന്‍ സെന്റ് ആഞ്ചെ, എം പി ബാരി ഗാര്‍ഡിനര്‍, എം പി മാര്‍ഷ കോര്‍ഡോവ, ലോര്‍ഡ് മൈക്കിള്‍ ഡേവിഡ് കാട്‌സ്, നിരവധി എം പി മാര്‍, അബ്ദുള്ള ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും, സംരംഭകനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ദുബായില്‍ നിന്നുമുള്ള ഡോ.ബു അബ്ദുള്ള, മുന്‍ ലണ്ടന്‍ മേയര്‍മാര്‍, കൗണ്‍സിലര്‍ ലൂബ്ന അര്‍ഷാദ്, ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ഹിന്ദി ഫിലിം അഭിനേത്രിയും, പിന്നണി ഗായികയും, വാഗ്മിയും ടീവി അവതാരകയുമായ രാജേശ്വരി അടക്കം നിരവധി പ്രമുഖര്‍ അവാര്‍ഡുദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.  

ഡോ.കിരണിന്, സാമൂഹിക സേവനരംഗത്തെ ദീര്‍ഘകാല സമര്‍പ്പണത്തിനും, വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങള്‍, പാവപ്പെട്ടവര്‍ക്കായുള്ള സേവനങ്ങള്‍, ധാര്‍മ്മിക നേതൃത്വം, ഫുഡ് ബാങ്ക്,  രക്ത ദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളില്‍ കാഴ്ചവെച്ച കാരുണ്യ പദ്ധതികള്‍ക്കും, മികവിനും, നിസ്തുലമായ സേവനങ്ങള്‍ക്കും ഉള്ള അംഗീകാരമായിട്ടാണ് 'എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വീസ്, 'ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേര്‍സ് അവാര്‍ഡ്' സമ്മാനിക്കപ്പെട്ടത്.

ദന്തചികിത്സയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍ കിരണ്‍ നഴ്‌സിംഗില്‍ പിഎച്ച്ഡിക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിലെ മികവിനുള്ള 'ഏഷ്യന്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ്' (ബാങ്കോങ്), രവിവര്‍മ്മ കലാ സാഹിത്യ സംസ്‌കൃതി ഫൗണ്ടേഷന്‍ നടത്തിയ 'രാജ്യോത്സവ പുരസ്‌കാരം', ഗുരുഗ്രാമില്‍ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തലത്തില്‍ മികവിനുള്ള 'ഇന്റര്‍നാഷണല്‍ എമിനന്‍സ് അവാര്‍ഡ്', ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സാമൂഹിക സേവനത്തിനുള്ള 'ഗ്ലോബല്‍ ഐക്കണ്‍ അവാര്‍ഡ്' തുടങ്ങിയ നിരവധി ബഹുമതികളും ആദരവുകളും അവാര്‍ഡുകളും ഡോ.കിരണിനെ   തേടിയെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ലണ്ടനില്‍ നിന്നും ലഭിച്ച  ഈ അന്തര്‍ദേശീയ അംഗീകാരം അദ്ദേഹത്തിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ക്കൂടി ചാര്‍ത്തുകയായി.

എറണാകുളം ജില്ലയില്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ മാളവനയില്‍ ജനിച്ച കിരണ്‍, പത്താം ക്ളാസ്സു പഠനത്തിന് ശേഷം വിദ്യാഭ്യാസ ലക്ഷ്യവുമായി തന്റെ സഹോദരിയുടെ സ്ഥലമായ ഗുല്‍ബര്‍ഗ്ഗയിലേക്കു പോവുകയായിരുന്നു. വാഴപ്പള്ളി (Late) കെ പി ജോര്‍ജ്ജ്,  മേരി ജോര്‍ജ്ജ് ദമ്പതികളുടെ മകനാണ് കിരണ്‍.  ഭാര്യ ഡോ .ഹണി കിരണ്‍. ഏക മകന്‍ അവിന്‍ (12) എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.

ഗുല്‍ബര്‍ഗ്ഗ സെന്റ് മേരീസ് പള്ളിയോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്ന  ഫുഡ് ബാങ്കില്‍  24x7 നേരം ദരിദ്രരും ഭിക്ഷാടകരും അശരണരുമായവര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം ദീര്‍ഘകാലമായി ചെയ്തു വരുന്നുണ്ട്. 34 രക്തദാന ക്യാമ്പുകള്‍ നടത്തുകയും 40 തവണ രക്തം ദാനം ചെയ്യുകയും ചെയ്തിട്ടുള്ള ഡോ. കിരണ്‍, എല്ലാ വര്‍ഷവും 5 പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ്, പാരാ മെഡിക്കല്‍  വിഭാഗങ്ങളിലായി സൗജന്യ വിദ്യാഭ്യാസവും നല്കിപ്പോരുന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍  വിതരണം ചെയ്യുക അടക്കം നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ നിസ്വാര്‍ത്ഥമായി ചെയ്തു വരുന്ന വ്യക്തിയാണ് ഡോ. കിരണ്‍.

ഗുല്‍ബര്‍ഗയില്‍ പ്രവര്‍ത്തിക്കുന്ന 'ഡിവൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ' സ്ഥാപകനും, ഡയറക്ടറുമാണ് ഡോ.കിരണ്‍. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും പരിഗണനാപൂര്‍വം ചികില്‍സാസൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ആശുപത്രിയുടെ മുഖ്യ ലക്ഷ്യം. 2002 മുതല്‍ കല്യാണ്‍ കര്‍ണാടക മേഖലയിലുടനീളം നഴ്സിംഗ്, പാരാ മെഡിക്കല്‍, ആരോഗ്യശാസ്ത്രം എന്നിവയില്‍ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്ന പല സ്ഥാപനങ്ങളുടെയും  ചെയര്‍മാനുമാണ്    ഡോ.കിരണ്‍.

ജീവിതത്തിന്റെ നല്ലൊരു ഭാഗം പൊതു സമൂഹത്തിനായി ഉഴിഞ്ഞു വെച്ചിട്ടുള്ള ഡോ.കിരണ്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും, വസ്ത്രം, ഭക്ഷണം, ആതുര പരിപാലനം തുടങ്ങിയ അത്യന്താപേഷിതവും അടിസ്ഥാന അവശ്യവുമായ കാര്യങ്ങളില്‍ ചെയ്യുന്ന മഹത്തായ ദാനധര്‍മ്മാദികളും താഴെത്തട്ടിലുള്ള അനേകര്‍ക്ക് ഏറെ ആശ്വാസവും, അനുഗ്രഹദായകവുമാണ്.

എഐസിസി ദേശീയ പ്രസിഡണ്ട് മല്ലികാര്‍ജുന്‍ കാര്‍ഖേ, കര്‍ണ്ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ, ഡോ. ഡി കെ ശിവകുമാര്‍ തുടങ്ങി നിരവധി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നേതാക്കളുമായി അടുത്തബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഡോ. കിരണ്‍.

വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ആരോഗ്യ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി നിരവധി കോണ്‍ഫറന്‍സുകളും വര്‍ക്ക്‌ഷോപ്പുകളും, സെമിനാറുകളും സംഘടിപ്പിക്കാന്‍ ഡോക്ടര്‍ ഇതിനിടെ സമയം കണ്ടെത്താറുണ്ട്. കല്യാണ്‍ കര്‍ണാടക നഴ്സിംഗ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

ക്രിസ്ത്യന്‍ സഭാ സമൂഹത്തില്‍ സജീവമായ  ഡോ.കിരണ്‍ ബെംഗളൂരുവിലെ കാത്തലിക് കൗണ്‍സില്‍ ഓഫ് കര്‍ണാടക (സിസികെ) അംഗം, ഇന്റര്‍ റിലീജിയസ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റി അംഗം, ഗുല്‍ബര്‍ഗ രൂപതയുടെ കാത്തലിക് അസോസിയേഷന്റെ പ്രസിഡണ്ട്,  മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് കത്തീഡ്രല്‍ ഗുല്‍ബര്‍ഗയുടെ പാസ്റ്ററല്‍ പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്, ഗുല്‍ബര്‍ഗ രൂപതയുടെ ധനകാര്യ കമ്മിറ്റി അംഗം അടക്കം വിശിഷ്ഠ പദവികളും വഹിച്ചുവരുന്നു.

 Appachan Kannanchira

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.