യുവതിയുമായുളള വീഡിയോ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവിന് നോട്ടീസ്. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ ബിജെപി നേതാവായ അമര്‍ കിഷോര്‍ കശ്യപിനെതിനാണ് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.പാര്‍ട്ടിയിലെത്തന്നെ ഒരു പ്രവര്‍ത്തകനാണ് അമര്‍ കിഷോര്‍ കശ്യപിനെതിരെ പരാതി നല്‍കിയത്. വീഡിയോയില്‍ അമര്‍ പാര്‍ട്ടി ഓഫീസിലേക്ക് വന്ന ഒരു യുവതിയുടെ തോളില്‍ കൈ വെക്കുന്നത് കാണാം. തുടര്‍ന്ന് മുകളിലേക്കുള്ള പടിക്കെട്ടുകള്‍ക്ക് സമീപം നിന്ന് ഇരുവരും കെട്ടിപ്പിടിക്കുന്നുണ്ട്. തുടര്‍ന്ന് അമര്‍ യുവതിയുമായി പടികള്‍ കയറിപ്പോകുകയാണ്. കാറിലാണ് ഈ യുവതി പാര്‍ട്ടി ഓഫീസിലെത്തിയത്.
പാര്‍ട്ടി ഓഫീസില്‍ അനുവാദകരമല്ലാത്തതും, മര്യാദയില്ലാത്തതുമായ രീതിയില്‍ പെരുമാറി എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അമറിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പുറത്തുവന്ന ഈ ദൃശ്യം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.
സംഭവത്തില്‍ അമര്‍ കിഷോര്‍ കശ്യപിന്റെ വിശദീകരണവും വന്നിട്ടുണ്ട്. യുവതി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ് എന്നും വയ്യ എന്ന് പറഞ്ഞ് തന്നെ സമീപിച്ചപ്പോള്‍ വിശ്രമിക്കാന്‍ സ്ഥലം നല്‍കിയതാണ് എന്നുമാണ് അമറിന്റെ വിശദീകരണം. ഇതിനിടെ തലകറക്കം അനുഭവപ്പെട്ടപ്പോള്‍ യുവതിയെ താന്‍ കൈപിടിച്ച് സഹായിച്ചെന്നും ഈ ദൃശ്യങ്ങള്‍ തന്നെ മനഃപൂര്‍വം അപമാനിക്കാനായി ഉപയോഗിക്കുകയാണ് എന്നും അമര്‍ പറഞ്ഞു.