CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes Ago
Breaking Now

'മരിച്ചാല്‍ എന്താവുമെന്ന് അറിയില്ല, പക്ഷേ ഇതിലും നല്ല അവസ്ഥയിലായിരിക്കും'; വീഡിയോ ചിത്രീകരിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയായ അംറീന്‍ ജഹാന്‍ നാല് മാസം മുമ്പാണ് പ്രണയിച്ച് വിവാഹം ചെയ്തത്

നാല് മാസം മുമ്പ് വിവാഹിതയായ 23കാരി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തു. ജീവനൊടുക്കുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛന്‍, സഹോദരി എന്നിവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവരാണ് തന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കുന്നതെന്നും വീഡിയോയില്‍ യുവതി ആരോപിക്കുന്നു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയായ അംറീന്‍ ജഹാന്‍ നാല് മാസം മുമ്പാണ് പ്രണയിച്ച് വിവാഹം ചെയ്തത്. ഭര്‍ത്താവ് ബംഗളുരുവില്‍ വെല്‍ഡിങ് ജോലി ചെയ്യുകയാണ്. വിവാഹ ശേഷം ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം കഴിയുമ്പോള്‍ കുടുംബാംഗങ്ങളുടെ ക്രൂരമായ പെരുമാറ്റം തനിക്ക് നേരെയുണ്ടായി എന്നാണ് പ്രധാന ആരോപണം. പലപ്പോഴും താന്‍ ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്തു, ചിലപ്പോള്‍ മുറിയിലേക്കുള്ള വൈദ്യുതി ഓഫാക്കി എന്നും വീഡിയോയില്‍ പറയുന്നു. ഭര്‍ത്താവിന്റെ സഹോദരി ഖദീജയും അച്ഛന്‍ ഷാഹിദുമാണ് മരണത്തിന് ഉത്തരവാദിയെന്നും തന്നെ മനസിലാക്കാതെ എല്ലാം തന്റെ കുറ്റമാണെന്ന് പറയുന്ന ഭര്‍ത്താവും ഭാഗികമായി ഉത്തരവാദിയാണെന്നും യുവതി ആരോപിച്ചു.

അച്ഛനും സഹോദരിയും എപ്പോഴും ഭര്‍ത്താവിനോട് ഓരോന്ന് പറഞ്ഞുകൊടുക്കും. തനിക്ക് സുഖമില്ലാത്തപ്പോള്‍ ചികിത്സയ്ക്കായി പണം ചെലവഴിച്ചത് തെറ്റായിപ്പോയെന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആ പണം തിരികെ ചോദിക്കുമായിരുന്നു എപ്പോഴും. താനെങ്ങനെ ആ പണം കൊടുക്കും? താന്‍ മരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല, എന്നാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നല്ല അവസ്ഥയിലായിരിക്കും എന്ന് തോന്നുന്നുവെന്നും യുവതി ക്യാമറയില്‍ നോക്കി പറഞ്ഞ ശേഷമാണ് ആത്മഹത്യ ചെയ്തത്. 

അംരീന്റെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തലേ ദിവസം രാത്രി മകള്‍ തന്നെ വിളിച്ച് കരഞ്ഞുവെന്നും തന്നെ ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും അച്ഛന്‍ പറഞ്ഞു. താന്‍ ഉടനെ മകളുടെ അടുത്തേക്ക് പുറപ്പെട്ടു. അവിടെ എത്തുമ്പോഴേക്കും മകള്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞിരുന്നുവെന്നും അച്ഛന്‍ പരാതിയില്‍ ആരോപിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.