കഴിഞ്ഞ ദിവസം അയര്‍ലെന്‍ഡില്‍ നിന്നും ഒരു ഇന്ത്യക്കാരനെ ഐറിഷ് വംശീയ വാദികള്‍ അക്രമിച്ചെന്ന് ഒരു യുവതി വൈകാരികമായി പറയുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ജെന്നിഫര്‍ മുറെ എന്ന യുവതിയാണ് താന്‍ കണ്ട കാഴ്ച വിവരിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്.
അയര്‍ലന്‍ഡിലെ ഡബ്ലിനിലെ പ്രാന്തപ്രദേശമായ ടാലയില്‍ ഒരു കൂട്ടം കൗമാരക്കാര്‍ ഇന്ത്യക്കാരനെ ആക്രമിച്ച് ഉപേക്ഷിച്ചെന്ന് ജെന്നിഫര്‍ മുറെ തന്റെ വീഡിയോയില്‍ വികാരാധീനയായി പറയുന്നു. താന്‍ കണ്ടത് ഒരു ഒറ്റപ്പെട്ട സംഭവമല്ലായിരുന്നെന്നും സമീപകാലത്ത് ഏറ്റവും കുറഞ്ഞത് നാല് ഇന്ത്യക്കാരെയെങ്കിലും കൗമാരക്കാരുടെ ഈ സംഘം ലക്ഷ്യം വച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ താന്‍ കാറോടിച്ച് പോകുന്നതിനിടെയാണ് പൂര്‍ണ്ണമായും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു മനുഷ്യനെ കണ്ടത്. 'ദയവായി എന്നെ രക്ഷിക്കൂ' എന്ന അയാള്‍ യാചിച്ചെന്നും തുടര്‍ന്ന് താന്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോലീസിനെയും ആംബുലന്‍സിനെയും വിളിച്ചെന്നും അവര്‍ പറയുന്നു.
പന്ത്രണ്ടും പതിനാലും വയസുള്ള കൗമാരക്കാരാണ് അക്രമികളെന്നും അക്രമണത്തെ ന്യായീകരിക്കാന്‍ അയാള്‍ പീഡോഫൈനാണെന്ന് കൗമാരക്കാര്‍ ആരോപിച്ചെന്നും ജെന്നിഫര്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍, താന്‍ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ഒരു നല്ല വ്യക്തിയാണെന്നും മാന്യനും സൗമ്യനുമാണെന്നും അവര്‍ ഉറപ്പിച്ച് പറയുന്നു. വംശീയ ആക്രമണങ്ങള്‍ക്ക് മറതീര്‍ക്കുന്നതിനാണ് അയാള്‍ പീഡോഫൈനാണെന്ന് കൗമാരക്കാര്‍ ആരോപിച്ചത്. ആമസോണില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒരു ആഴ്ച മുമ്പാണ് അയാള്‍ അയര്‍ലണ്ടിലെത്തിയത്. ഇന്ത്യയിലെ മികച്ച കോളേജുകളില്‍ ഒന്നില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹത്തിന് ഭാര്യയും 11 മാസം പ്രായമുള്ള കുഞ്ഞുമുണ്ടെന്നും ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെ കുറിച്ച് വിവരിക്കവെ ജെന്നിഫര്‍ വിതുമ്പിക്കരഞ്ഞു. ക്ഷേത്രത്തിലേക്ക് പ്രാര്‍ത്ഥയ്ക്കായി പോകുന്നതിനിടെ ഐറിഷ് കൗമാരക്കാര്‍ അദ്ദേഹത്തെ പിന്നില്‍ നിന്നും അക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് പിന്നില്‍ നിന്നും തലയ്ക്ക് അടിച്ചതിനാല്‍ അദ്ദേഹം രക്തത്തില്‍ കുളിച്ചാണ് കിടന്നത്. ഏതാണ്ട് ഒരു മണിക്കൂര്‍ അയാളുടെ കൂടെ താനുണ്ടായിരുന്നെന്നും ആ സമയമത്രയും അയാളുടെ മൂക്കില്‍ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നെന്നും ജെന്നിഫര്‍ വീഡിയോയില്‍ പറയുന്നു. വീണ് കിടന്ന അയാളെ വിവസ്ത്രനാക്കിയ അവര്‍ അയാളുടെ കൈയിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ നഗ്‌നത മറയ്ക്കാന്‍ താന്‍ കാറിലിരുന്ന ഒരു പുതുപ്പ് നല്‍കി ആംബുലന്‍സ് വരുന്നത് വരെ ഏതാണ്ട് ഒരു മണിക്കൂറോളം നേരം താന്‍ അയാളുടെ കൂടെയിരുന്നെന്നും പറയുമ്പോള്‍ ജെന്നിഫര്‍ പെട്ടിക്കരഞ്ഞു. ഇന്ത്യന്‍ വംശജര്‍ക്ക് നേരെ യൂറോപ്പിലും യുഎസിലും വംശീയ ആക്രമണങ്ങള്‍ ശക്തമാകുകയാണെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.