CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 5 Minutes 7 Seconds Ago
Breaking Now

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2025- മലയാളം മിഷന്‍ യുകെ ചാപ്റ്ററിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാംഘട്ട മത്സരത്തിന് സെപ്റ്റംബര്‍ 20ന് മുന്‍പായി വീഡിയോ അയക്കണം

ലണ്ടന്‍ : കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മലയാളം മിഷന്‍ യു കെ ചാപ്റ്ററിലെ വിദ്യാര്‍ത്ഥികള്‍ 2025 സെപ്റ്റംബര്‍ ഇരുപതാം തീയതിക്കകം മാനദണ്ഡമനുസരിച്ചുള്ള കാവ്യാലാപനത്തിന്റെ വീഡിയോ അയക്കേണ്ടതാണ്. പ്രശസ്ത കവയിത്രിയും മലയാളം മിഷന്‍ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവര്‍പ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും മലയാളം മിഷന്‍ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ ലോകത്തെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്ററുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. 

ഈ വര്‍ഷം സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ജ്ഞാനപീഠം അവാര്‍ഡ്  ജേതാവ് ശ്രീ ഒ.എന്‍. വി കുറുപ്പ് രചിച്ച കവിതകള്‍ ആസ്പദമാക്കി മത്സരങ്ങള്‍ നടത്തുന്നതുകൊണ്ട് എല്ലാ മത്സരാര്‍ത്ഥികളും ഒ എന്‍ വി കുറുപ്പ് രചിച്ച കവിതകളാണ് ആലപിക്കേണ്ടത്.  

അഞ്ചു വയസ്സുമുതല്‍ 10 വയസ്സുവരെ സബ്ജൂനിയര്‍ വിഭാഗത്തിലും 10 വയസ്സിനു മുകളില്‍ 16 വയസ്സ് വരെ ജൂനിയര്‍ വിഭാഗത്തിലും 16 വയസ്സ് മുതല്‍ 20 വയസ്സ് വരെ സീനിയര്‍ വിഭാഗത്തിലുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. (വയസ്സ് കണക്കാക്കുന്നത് 2025 ജനുവരി 1 അടിസ്ഥാനമായിരിക്കും.) മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ മനപാഠമായി ചൊല്ലണം. കുറഞ്ഞത് മൂന്നു മിനിറ്റും പരമാവധി 7 മിനിറ്റുമാണ് കവിത ചൊല്ലാനുള്ള സമയ ദൈര്‍ഘ്യം. സീനിയര്‍ വിഭാഗത്തിന് 16 വരികള്‍ എന്ന നിബന്ധനയില്‍ ആവര്‍ത്തിക്കുന്ന വരികള്‍ ഉള്‍പ്പെടുന്നതല്ല. 

മൂന്ന് ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടത്തുന്നത്. ചാപ്റ്ററുകള്‍ക്കുള്ളില്‍ നടത്തുന്ന മത്സരമാണ് ഒന്നാം ഘട്ടം. വിവിധ ചാപ്റ്ററുകളില്‍ നിന്ന് ഓരോ വിഭാഗത്തിലും ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവരെ ഉള്‍പ്പെടുത്തി മലയാളം മിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ മത്സരമാണ് രണ്ടാംഘട്ടം. രണ്ടാംഘട്ട ഓണ്‍ലൈന്‍ മത്സരത്തില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന 10 പേരാണ് മൂന്നാംഘട്ടമായ ഗ്രാന്‍ഡ്ഫിനാലയില്‍ മത്സരിക്കുക. ഗ്രാന്‍ഡ്ഫിനാലെ മത്സരത്തിലെ 1,2 ,3 സ്ഥാനങ്ങളില്‍ വരുന്ന വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും കേരളത്തിലെ മലയാളം മിഷന്‍ നല്‍കുന്നതുമാണ് .രണ്ടാം ഘട്ട മത്സരത്തിന്റെയും ഗ്രാന്‍ഡ്ഫിനാലെ മത്സരത്തിന്റെയും മേല്‍നോട്ടം പൂര്‍ണ്ണമായും കേരളത്തിലെ മലയാളം മിഷന്‍ കേന്ദ്ര ഓഫീസ് നേരിട്ടാണ് നടത്തുന്നത് . 

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി യുകെയിലെ പഠന കേന്ദ്രങ്ങളില്‍ നിന്നും ഒന്നാംഘട്ട മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കവിതാലാപനം നടത്തുന്നതിന്റെ വീഡിയോ 2025 സെപ്റ്റംബര്‍ 20ന് മുന്‍പായി malayalam missionukchapter@gmail.com എന്ന ഈമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. മലയാളം മിഷന്‍ യു കെ ചാപ്റ്ററിലെ പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഒന്നാംഘട്ട മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്കുള്ള സമ്മാനം മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വച്ച് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ നല്‍കുന്നതാണ്.

പ്രശസ്തരായ ജഡ്ജിംഗ് പാനലിന്റെ നേതൃത്വത്തിലാണ് വിധിനിര്‍ണ്ണയം നടത്തുന്നത്. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. 

കേരള ഗവണ്‍മെന്റ് സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ ഭരണസമിതി അംഗവുമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ യുകെ ചാപ്റ്ററിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഒന്നാം ഘട്ട കാവ്യാലാപന മത്സരത്തില്‍ മലയാളം മിഷന്‍ യുകെ ചാപ്റ്ററിലെ പഠന കേന്ദ്രങ്ങളില്‍ പഠിക്കുന്ന പരമാവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.

മത്സരസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 

07846747602, 07882791150,07940355689 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

എബ്രഹാം കുര്യന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.