ബാലുശ്ശേരിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച് പൊലീസ്. കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 'നിങ്ങളുടെ സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിളിച്ച നമ്പര്‍ ഇതാണ്' എന്നാണ് പയ്യോളി പൊലീസ് സ്റ്റേഷനില്‍ നിന്ന് ബാലുശ്ശേരി സ്റ്റേഷനിലേക്ക് ലഭിച്ച അറിയിപ്പ്. യുവതിതന്നെയാണ് പയ്യോളി പൊലീസിനെ വിളിച്ചത്. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ബാലുശ്ശേരി ഇന്‍സ്പെക്ടര്‍ ടി പി ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനില്‍നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു. ഇതിനോടകം ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ണാടിപ്പൊയില്‍ ഭാഗത്താണെന്നു മനസ്സിലാക്കിയിരുന്നു. ഇന്‍സ്‌പെക്ടര്‍ യുവതിയുടെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ആദ്യം എടുത്തില്ല. ഇടയ്ക്ക് യുവതി ഫോണ്‍ എടുത്തതോടെ അവരോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം.
എന്നാല്‍ ആരും ഇവിടേക്കു വരേണ്ടെന്നായിരുന്നു യുവതി പറഞ്ഞത്. ഞങ്ങള്‍ വരില്ലെന്നും എന്താണു കാര്യമെന്നും ചോദിച്ച് സംഭാഷണം ദീര്‍ഘിപ്പിക്കാന്‍ ഇന്‍സ്പെക്ടര്‍ ശ്രമിച്ചെങ്കിലും ഇതിനിടയ്ക്ക് യുവതി ഫോണ്‍ കട്ട് ചെയ്തു. ലൊക്കേഷനിലെ ഒരു വീടിനു സമീപമെത്തിയപ്പോള്‍ കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന പൊലീസ് സംഘം ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. ഉടന്‍ തന്നെ ഇന്‍സ്പെക്ടര്‍ യുവതിയെ പിടിച്ച് ഉയര്‍ത്തി. മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കെട്ടഴിച്ച് ഇവരെ താഴെ ഇറക്കി പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.