ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ മലയാളി യൂട്യൂബര്‍ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും. പ്രത്യേക അന്വേഷണസംഘം ചോദ്യം ജയിലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ ഹാജരാകാനാണ് ആവശ്യപ്പെട്ടത് എങ്കിലും ഓണവും ബലിപെരുനാളും കണക്കിലെടുത്ത് ഇളവ് വേണമെന്ന മനാഫിന്റെ ആവശ്യം എസ്‌ഐടി അംഗീകരിച്ചിരുന്നു. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉള്‍പ്പെടെ നൂറിലേറെ മൃതദേഹം ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ മലയാളിയായ മനാഫ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു.
വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ സംശയനിഴലിലുള്ള യൂട്യൂബര്‍ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയില്‍ നിന്നും, മകളെ കാണാനില്ലെന്ന് അവകാശവാദവുമായി എത്തിയ സുജാതാ ഭട്ടില്‍ നിന്നും കേസിലെ ഇവരുടെ ഇടപെടലുകളെ കുറിച്ച് സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബര്‍മാരെ കേന്ദ്രീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് എസ് ഐടി മനാഫിന് നോട്ടീസ് നല്‍കിയത്.
ധര്‍മ്മസ്ഥലയില്‍ നേരിട്ട് എത്തിയിട്ടുള്ള മനാഫ് ആരോപണമുന്നയിച്ച പലരെയും നേരില്‍ കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ മനാഫില്‍ നിന്നും തേടും. മനാഫ് എത്തിയില്ലെങ്കിലും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയ യൂട്യൂബര്‍മാരായ അഭിഷേകും ടി. ജയന്തും ആക്ടിവിസ്റ്റ് ഗിരീഷ് മട്ടന്നവരും ഇന്നലെ ബെല്‍ത്താങ്കടിയില്‍ എത്തി. ഇവരെ എസ്‌ഐടി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ചിന്നയ്യയില്‍ നിന്നും സുജാത ഭട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും യൂട്യൂബ് വീഡിയോകളുടെ അടിസ്ഥാനത്തിലും ആണ് ചോദ്യം ചെയ്യുന്നത്.