ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ചതാണെന്നും അതില്‍ വിഷമമുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ആ ദൃശ്യം കാണുമ്പോള്‍ വിഷമമുണ്ട്. സംഗമത്തിന്റെ ഉദ്ഘാടനസമ്മേളനത്തിന് ഉണ്ടായിരുന്നത്ര ആളുകള്‍ മറ്റു സെഷനുകളില്‍ ഉണ്ടായിരുന്നില്ല. ഇതു സ്വാഭാവികം മാത്രമാണെന്നും പ്രശാന്ത് പറഞ്ഞു.
എന്‍എസ്എസിന് സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്ന് പറഞ്ഞത് ആഗോള അയ്യപ്പസംഗമം കൊണ്ടല്ലെന്നും നിരവധിയായ അനുഭവങ്ങളില്‍ നിന്നുണ്ടായതാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1252 ക്ഷേത്രങ്ങള്‍ ഉണ്ട്. ശബരിമലയില്‍ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം 600 കോടിയാണ്. മറ്റു ക്ഷേത്രങ്ങള്‍ ഈ വരുമാനത്തില്‍ നിന്നാണ് നിലനിന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ട്രോളുന്നവര്‍ അയ്യപ്പന്റെ പേരില്‍ കലാപം ഉണ്ടാക്കിയവരാണ്. ബദല്‍സംഗമത്തില്‍ ഉണ്ടായത് അരുതാത്ത നടപടിയാണെന്നും ഉദ്ഘാടകന്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ക്കെതിരെ അധിക്ഷേപമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസം?ഗമത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി രൂപീകരിച്ച 18 അംഗ കമ്മിറ്റിയില്‍ ദേവസ്വം ബോര്‍ഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഉണ്ടാകും. പരിസ്ഥിതി മേഖലയിലെ അടക്കം വിദഗ്ധരും കമ്മിറ്റിയില്‍ ഉണ്ടാകും. നിലവിലുള്ള ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റിക്ക് പകരമായിട്ടായിരിക്കും പുതിയ കമ്മിറ്റി നിലവില്‍ വരുന്നത്. അയ്യപ്പസംഗമത്തിന് അഞ്ച് കോടിയില്‍ താഴെയാകും ചെലവ് വരുന്നതെന്നും ബാങ്കുകള്‍, വ്യക്തികള്‍ തുടങ്ങി എല്ലാവരും സഹായം നല്‍കിയിരുന്നു. ഇതിന്റെ കൃത്യമായ കണക്കുകള്‍ ഉടന്‍ തയ്യാറാക്കി കോടതിക്ക് നല്‍കുമെന്നും പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.