ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 13 മലയാളി നഴ്സുമാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബാങ്കിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ 13 നഴ്സുമാര്‍ തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപയാണെന്ന് അല്‍ അഹ്ലി ബാങ്കിന് വേണ്ടി ഹാജരാകുന്ന ജെയിംസ് ആന്‍ഡ് തോമസ് അസോസിയേറ്റ്‌സിലെ തോമസ് ജെ അനക്കല്ലുങ്കല്‍ പറയുന്നു. നേരത്തെ, മറ്റൊരു ധനകാര്യ സ്ഥാപനമായ ഗള്‍ഫ് ബാങ്ക് കേരള പോലീസിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2024 ഡിസംബറില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
2019 നും 2021 നും ഇടയില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന സമയത്താണ് നഴ്‌സുമാര്‍ വായ്പയെടുത്തത്. ''തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം ഈ നഴ്സുമാര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി, എന്നാല്‍ പിന്നീട് മികച്ച അവസരങ്ങള്‍ക്കായി യൂറോപ്പിലെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും കുടിയേറി. എന്നിട്ടും അവര്‍ വായ്പ തിരിച്ചടച്ചിട്ടില്ല,'' അദ്ദേഹം പറഞ്ഞു. അല്‍ അഹ്ലി ബാങ്ക് കേരള സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം, എറണാകുളം ജില്ലകളിലായി അടുത്തിടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുറവിലങ്ങാട്, അയര്‍ക്കുന്നം, വെളളൂര്‍, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ കോട്ടയത്ത് എട്ട് കേസുകള്‍ ഫയല്‍ ചെയ്തു. പുത്തന്‍കുരിശ്, പോത്താനിക്കാട്, വരാപ്പുഴ, അങ്കമാലി പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എറണാകുളത്ത് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓരോ നഴ്‌സിനും 61 ലക്ഷം രൂപ മുതല്‍ 91 ലക്ഷം രൂപ വരെയാണ് കുടിശ്ശികയെന്ന് തോമസ് പറഞ്ഞു. ''ഈ നഴ്സുമാര്‍ ഇപ്പോള്‍ വിദേശത്ത് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നു, എന്നിട്ടും അവര്‍ വായ്പ തിരിച്ചടച്ചിട്ടില്ല. ഇവരാരും നിലവില്‍ കേരളത്തിലില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായ്പ തിരിച്ചടയ്ക്കാത്തവര്‍ ആദ്യം ചെറിയ വായ്പകള്‍ എടുത്ത് കൃത്യസമയത്ത് തിരിച്ചടയ്ക്കുന്ന രീതിയാണ് സ്വീകരിച്ചത്. അതിനുശേഷം ബാങ്ക് അവര്‍ക്ക് വലിയ തുക വാഗ്ദാനം ചെയ്യുന്നു.
'തുടക്കത്തില്‍ കുറച്ച് തവണകളായി പണം അടച്ചശേഷം, വായ്പാ തുക തിരിച്ചടയ്ക്കാതെ ഇവര്‍ രാജ്യം വിടുകയാണ്,'' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് ബാങ്കിന്റെ കേസുകളില്‍ ഒരാള്‍ വായ്പ തീര്‍പ്പാക്കി. മറ്റുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയിരുന്നു.
കേസിന്റെ അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. ഗള്‍ഫ് ബാങ്കിന്റെ കേസുകളിലെ പോലെ അല്‍ അഹ്ലി ബാങ്കിന്റെ വായ്പ മുടക്കിയവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് തോമസ് കൂട്ടിച്ചേര്‍ത്തു. ''അവര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യപ്പെടും,'' അദ്ദേഹം പറഞ്ഞു.