ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലിനെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാനി ഭീകരന്‍ ഇന്ദര്‍ജീത് സിംഗ് ഗോസല്‍. കാനഡയില്‍ അറസ്റ്റിലായ ഇന്ദര്‍ജീത് സിംഗ് ഗോസലിനെ ഒരാഴ്ച തികയുന്നതിനു മുമ്പ് ജാമ്യത്തില്‍ വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്റാറിയോയിലെ സെന്‍ട്രല്‍ ഈസ്റ്റ് കറക്ഷണല്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങിയ ഇന്ദര്‍ജീത് സിംഗ് ഗോസല്‍ നിരോധിത സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ഗ്രൂപ്പിന്റെ പ്രമുഖ സംഘാടകനായ ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനിനൊപ്പമാണ് അജിത് ഡോവലിനെതിരെ ഭീഷണി മുഴക്കിയത്.
'ഗുര്‍പത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാനും 2025 നവംബര്‍ 23 ന് ഖാലിസ്ഥാന്‍ റഫറണ്ടം സംഘടിപ്പിക്കാനും ഞാന്‍ തയ്യാറാണ്. ഡല്‍ഹി ഖാലിസ്ഥാന്‍ ആയി മാറും.അജിത് ഡോവല്‍, കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തോ വന്ന് എന്നെ അറസ്റ്റ് ചെയ്യാനോ കൈമാറാനോ ശ്രമിക്കാത്തതെന്താണ്? ഡോവല്‍, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.'' വീഡിയോ സന്ദേശത്തില്‍ ഇവര്‍ പറഞ്ഞു.
ഗുര്‍പത്വന്ത് സിംഗ് പന്നൂനിന്റെ പ്രധാന സഹായിയും എസ്എഫ്ജെയുടെ കാനഡ സംഘാടകനുമാണ് ഇന്ദര്‍ജിത് സിംഗ് ഗോസല്‍. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തുന്നത് തടയുന്നവര്‍ക്ക് 11 കോടി രൂപ ഇനാം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതിന് പന്നൂനെതിരെ ഇന്ത്യയില്‍ അടുത്തിടെ കുറ്റം ചുമത്തിയിരുന്നു.
ഗോസലിനെ സെപ്റ്റംബര്‍ 19-ന് ഒന്റാറിയോയിലെ ഒരു ട്രാഫിക് സ്റ്റോപ്പില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.ന്യൂയോര്‍ക്കില്‍ നിന്നുള്ള ജഗ്ദീപ് സിംഗ്, ടൊറന്റോയില്‍ നിന്നുള്ള അര്‍മാന്‍ സിംഗ് എന്നീ രണ്ട് പേരെയും അദ്ദേഹത്തോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിനും, ആയുധം കൈവശം വച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.