അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ച് താലിബാന്‍. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് നിരോധനം. ഇന്റര്‍നെറ്റ് നിരോധിച്ചതോടെ വിമാന സര്‍വീസുകള്‍ താറുമാറായി. ഇതോടെ അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ്ണ 'കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട്' ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.
'അധാര്‍മികമായ' കാര്യങ്ങള്‍ തടയാനാണ് ഇന്റര്‍നെറ്റ് നിരോധിച്ചതെന്ന് താലിബാന്‍ വ്യക്തമാക്കി. രണ്ടാഴ്ചയായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ താലിബാന്‍ നടപടി സ്വീകരിച്ചു വരികയായിരുന്നു. ബാങ്കിങ് സേവനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. ഇന്റര്‍നെറ്റിന് വേഗം കുറയുന്നതായി ആഴ്ചകളായി പരാതിയുണ്ടായിരുന്നു. ആശയവിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാന്‍ ഭരണകൂടത്തിന്റെ നടപടി മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് അതേസമയം ഇന്റെര്‍നെറ്റിന് ബദലായി താലിബാന്‍ പകരം സംവിധാനം ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഴ്ചകളോളം നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ്ണ ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്. ഈ മാസം ആദ്യം, താലിബാന്‍ നിരവധി പ്രവിശ്യകളിലെ ഫൈബര്‍ ഒപ്റ്റിക് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ആരംഭിച്ചിരുന്നു. കാബൂള്‍ ബ്യൂറോയുമായുള്ള തങ്ങളുടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി സ്ഥിരീകരിച്ചു. ഓഫീസുമായി ഫോണിലോ, സാമൂഹിക മാധ്യമങ്ങള്‍ മുഖാന്തിരമോ ബന്ധപ്പെടാനാകുന്നില്ലെന്ന് ഏജന്‍സി വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5:45 ഓടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ ഇന്റര്‍നെറ്റ് നിരോധനം ബാങ്കിംഗ് അടക്കുള്ള അവശ്യ സര്‍വ്വീസുകളേയും താറുമാറാക്കിയിട്ടുണ്ട്.