നെടുവത്തൂരില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് മരിച്ച ശിവകൃഷ്ണന്റെ അശ്രദ്ധമൂലമെന്ന് ദൃക്‌സാക്ഷികള്‍. സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി അപകടം നടന്ന വീട്ടില്‍ ഒരുമിച്ചാണ് താമസം. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്ഥിരമായി മദ്യപിച്ച് എത്താറുള്ള ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഞായറാഴ്ച രാത്രിയിലും ഇത്തരത്തില്‍ തര്‍ക്കമുണ്ടായി.അര്‍ച്ചനയ്ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റത് അര്‍ച്ചന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ശിവകൃഷ്ണന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചതായി മക്കളും പൊലീസിന് മൊഴി നല്‍കി. ഇതിന് പിന്നാലെയാണ് അര്‍ച്ചനയുടെ ഫോണില്‍ നിന്ന് വീഡിയോ കണ്ടെത്തിയത്. അര്‍ധരാത്രിയോടെ അര്‍ച്ചന കിണറ്റിലേക്ക് ചാടിയെന്നാണ് വിവരം. ഫയര്‍ഫോഴ്സിനെ ശിവകൃഷ്ണനാണ് വിളിച്ച് വരുത്തിയത്.
ഇതും വായിക്കുക: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമടക്കം 3 പേര്‍ മരിച്ചു
കൊട്ടാരക്കര അഗ്‌നിശമനസേനാ യൂണിറ്റിലെ ജീവനക്കാരാണ് സ്ഥലത്തെത്തിയത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് സോണി എന്ന ഉദ്യോഗസ്ഥന്‍ കിണറ്റിലിറങ്ങിയത്. കിണറ്റിലുണ്ടായിരുന്ന അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. 12 അടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെയാണ് കിണറിന്റെ കൈവരിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടം സംഭവിച്ചത്. മദ്യ ലഹരിയിലായിരുന്ന ശിവകൃഷ്ണന്റെ അശ്രദ്ധയാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇയാള്‍ ടോര്‍ച്ച് തെളിയിച്ച് കിണറിന്റെ കൈവരിയോട് ചേര്‍ന്ന് നിന്നിരുന്നു. ഇടിയാനുള്ള സാധ്യത മുന്നില്‍ കണ്ട് അവിടെനിന്ന് മാറിനില്‍ക്കാന്‍ ഇയാളോട് പറഞ്ഞിരുന്നതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ അതിന് കൂട്ടാക്കിയില്ല. ശിവകൃഷ്ണനും കൈവരിയും ഒന്നടങ്കം കിണറിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഇഷ്ടികകയും കല്ലും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു. കയറില്‍ ബന്ധിപ്പിച്ചത് കൊണ്ട് സോണിയെ വലിച്ച് മുകളിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലുകള്‍ തട്ടി തലയില്‍ ഗുരുതരമായ മുറിവേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഫയര്‍ഫോഴ്സിന്റെ മറ്റു യൂണിറ്റുകളില്‍നിന്ന് ആളുകളെത്തിയാണ് അര്‍ച്ചനയേയും ശിവകൃഷ്ണനേയും പുറത്തെടുത്തത്. ഇരുവരും പുറത്തെടുത്തപ്പോള്‍ മരിച്ചിരുന്നു.