യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാതിരുന്നതിന് പിന്നില്‍ താനാണെന്നാണ് സുവിശേഷകന്‍ കെ എ പോളിന്റെ അവകാശവാദം. നൊബേല്‍ കമ്മിറ്റിക്ക് താന്‍ കത്തെഴുതിയിരുന്നുവെന്നും ഇത് പ്രകാരമാണ് ട്രംപിനെ അന്തിമ ലിസ്റ്റില്‍ നിന്ന് സമിതി തള്ളിയതെന്നും പോള്‍ പറഞ്ഞു. ട്രംപ് അനുകൂലികള്‍ കുത്തിയിരുന്ന് പ്രാര്‍ത്ഥിച്ചിട്ടും ലഭിക്കാതെ വന്നത് തന്റെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാണെന്നും പോള്‍ പറയുന്നു.
ഡോണള്‍ഡ് ട്രംപ് ഒരു സ്വയംപൊങ്ങിയാണ്, നോമിനേഷനായി ലോക നേതാക്കളെ സമ്മര്‍ദത്തിലാക്കി, റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി, ഇറാനിലെയുള്‍പ്പടെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു, ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ടു, സമാധാനത്തിനെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു എന്നിങ്ങനെ ഏഴ് കാര്യങ്ങളാണ് ട്രംപിന് നൊബേല്‍ കൊടുക്കരുതെന്ന് പറയാന്‍ താന്‍ ചൂണ്ടിക്കാട്ടിയതെന്നും പോള്‍ വ്യക്തമാക്കുന്നു.
തനിക്ക് 2000ത്തിന്റെ തുടക്കത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ തരാമെന്ന് സമിതിയുടെ വാഗ്ദാനം ഉണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അത് സന്തോഷപൂര്‍വം നിരസിക്കുകയുമായിരുന്നുവെന്നും പോള്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരത് രത്‌ന തനിക്ക് നല്‍കാമെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും അത് വേണ്ടെന്ന് താന്‍ വയ്ക്കുകയായിരുന്നുവെന്നും കെ എ പോള്‍ പറയുന്നു. യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ ഓഗസ്റ്റ് 25നകം തൂക്കിലേറ്റുമെന്ന് പറഞ്ഞ് നേരത്തെ കെ എ പോള്‍ വിവാദത്തിലായിരുന്നു.