
















റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ കടുത്ത നിലപാടുമായി ഇന്ത്യ. എണ്ണ കരാര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് ഇന്ത്യ അംഗീകരിക്കില്ലെന്നും തോക്കിന്‍ മുനയില്‍ വ്യാപാര കരാര്‍ ഒപ്പു വയ്ക്കാനാവില്ലെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. തിടുക്കപ്പെട്ടോ സമ്മര്‍ദത്തിലാക്കിയോ വ്യാപാരക്കരാറിലെത്താനാവില്ല. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ധാരണകള്‍ മാത്രമേ സാധ്യമാകൂവെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി.
ജര്‍മനിയില്‍ ബെര്‍ലിന്‍ ഡയലോഗില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഉയര്‍ന്ന തീരുവയുടെ പശ്ചാത്തലത്തില്‍ മുടങ്ങിയ വ്യാപാരക്കരാറില്‍ തീരുമാനത്തിലെത്താന്‍ ഇന്ത്യയും യുഎസും നീക്കം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാണെന്നും എന്നാല്‍ സമയപരിധി വച്ചുള്ള നീക്കങ്ങള്‍ക്കില്ലെന്നും ഗോയല്‍ പറഞ്ഞു. 'ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, എന്നാല്‍ തിടുക്കത്തിലോ സമയപരിധി വച്ചോ ഭീഷണിക്ക് വഴങ്ങിയോ കരാറുകളില്‍ ഏര്‍പ്പെടാറില്ല'- ഗോയല്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്തുകയാണ്. കയറ്റുമതിക്കാര്‍ക്ക് ന്യായമായ കരാറുകള്‍ ഉറപ്പാക്കും. പുറമേ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കപ്പുറം ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയുടെ പങ്കാളിത്തങ്ങള്‍ പരസ്പര ബഹുമാനത്തിനു മുകളിലാണ്. അത് ആരുമായിട്ടാകണം, ആരുമായിട്ടാകരുത് എന്നു നിര്‍ദേശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഗോയല്‍ പറഞ്ഞു.